ബാബ്‌റി മസ്ജിദ് നിന്നിടത്ത് ക്ഷേത്രവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വസ്തുത; ക്ഷേത്രം തകര്‍ത്തോ, തകര്‍ന്ന ക്ഷേത്രത്തിന് മുകളിലോ പള്ളി നിര്‍മ്മിച്ചു; ആത്മകഥയിലൂടെ കെ കെ മുഹമദിന്റെ വെളിപ്പെടുത്തല്‍ വീണ്ടും

കോഴിക്കോട്: രാജ്യത്തിന്റെ ഉറക്കംകെടുത്തിയ ബാബ്‌റി മസ്ജിദ് വിഷയത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ റീജണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമദ് രംഗത്ത്. അദേഹത്തിന്റെ ആത്മകഥയായ ഞാന്‍ ഭാരതീയനിലാണ് അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് വിഷയത്തെക്കുറിച്ചുള്ളത്. ഈ ലക്കം പുറത്തിറങ്ങിയ മലയാളം വാരികയില്‍ പ്രമുഖ എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗലൂരിന്റെ പ്രതിവാര പംക്തിയായ ശബ്ദമില്ലാത്ത ശബ്ദത്തിലാണ് കെ കെ മുഹമദിന്റെ ആത്മകഥയെ പരിചയപ്പെടുത്തുന്നത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയായ കെ കെ മുഹമദ് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പുറംലോകത്തെത്തിയപ്പോള്‍ ഇദേഹത്തിനെതിരെ നിരവധി ഭീഷണികള്‍ വന്നിരുന്നു. 2012ല്‍ വിരമിച്ച ശേഷമാണ് അദേഹം ആത്മകഥയെഴുതിയത്. ‘അയോധ്യാ പര്യവേക്ഷണ സമയത്ത് പ്രഫ. ബി ബി ലാല്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ താനുമുണ്ടായിരുന്നു.അന്നു നടന്ന പര്യവേക്ഷണത്തില്‍ ക്ഷേത്രത്തിന്റെ തൂണുകള്‍ നിലനിന്നിരുന്ന ഇഷ്ടികകളുടെ തറകള്‍ കണ്ടെത്താനായി. ഒന്നോ രണ്ടോ തൂണുകളല്ല. പതിനാല് ക്ഷേത്ര തൂണുകള്‍ കണ്ടെത്താനായി. ബാബറുടെ സേനാ നായകനായ മീര്‍ ബാഖി പള്ളി പണിതത് ഒന്നുകില്‍ നിലവിലുള്ള ക്ഷേത്രം തകര്‍ത്തിട്ട്, അല്ലെങ്കില്‍ തകര്‍ന്ന ക്ഷേത്രത്തിന് മുകളില്‍ ഇതിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ച് മക്കയിലോ മദീനയിലെയോ പള്ളി എതത്ര പരമപ്രധാനമാണ്, അതുപോലെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയിലെയും വാരണാസിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെന്നും കാണിച്ച് 2000ത്തില്‍ പാര്‍ലമെന്റ് അംഗമായിരുന്ന സയിദ് ശഹാബുദ്ധീന് കെ കെ മുഹമദ് കത്തയച്ചിരുന്നു’. ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കില്‍ ഒരിക്കലും മതേതര രാഷ്ട്രമാകില്ലായിരുന്നെന്നും ആത്മകഥാകാരന്‍ പറയുന്നുണ്ട്.