പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ അമേരിക്കയുടെ നീക്കം; യുഎസ് നടപടിയെ വിമര്‍ശിച്ച് ഇന്ത്യ

വാഷിങ്ടണ്‍: പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ അമേരിക്കയുടെ തീരുമാനം. യുഎസ് നടപടി വിമര്‍ശിച്ച് ഇന്ത്യ. ഭീകരവാദത്തെ ചെറുക്കാനായിട്ടാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് നല്‍കുന്നതെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍ ഈ വാദത്തോട് തങ്ങള്‍ക്ക് യോജിക്കാനാവില്ലെന്നും അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം എതിര്‍പ്പ് അറിയിച്ചു.

ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇന്ത്യയുടെ പ്രതിഷേധം ട്വിറ്ററില്‍ രേഖപ്പെടുത്തി. നിരാശപ്പെടുത്തുന്ന തീരുമാനമാണ് അമേരിക്കയുടേത്. ഈ ആയുധങ്ങള്‍ തീവ്രവാദത്തെ പ്രതിരോധിക്കാനായി പാകിസ്താന് ഉപയോഗപ്പെടുത്താമെന്ന അമേരിക്കന്‍ നിലപാടിനോട് വിയോജിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്രയും വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് അതാണ്. പാകിസ്താന് എട്ട് എഫ് 16 യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം വെള്ളിയാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. 700 മില്യന്‍ ഡോളറിനാണ് പാകിസ്താന്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. പാക്കിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണെന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന് ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവയെന്നും യു.എസ് വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.