ലഷ്‌കര്‍ ഇ ത്വയിബ, ജയ്‌ഷെ മുഹമദ് ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് ഐഎസ്‌ഐ; കശ്മീര്‍ പ്രശ്‌നം പരിഹരിക്കാത്തിടത്തോളം ഭീകാക്രമണം തുടരുമെന്ന് പര്‍വേസ് മുഷാറഫ്

ഇസ്ലാമാബാദ്: ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയ്ക്ക് പരിശീലനം നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അഭിമുഖത്തില്‍ മുഷറഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യ-പാക്ക് സമാധാനചര്‍ച്ചയില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിച്ചേ തീരൂവെന്നും മുഷറഫ് ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഭീകരവാദവും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളും തുടരാനാണ് സാധ്യത. എന്നാല്‍ ഇന്ത്യയ്ക്ക് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരു താല്‍പര്യവുമില്ലെന്നും മുഷറഫ് ആരോപിച്ചു. പാക്കിസ്ഥാനുമേല്‍ അധീശത്വം പുലര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല. പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണം, ഭീകരവാദം തുടങ്ങി ഇന്ത്യന്‍ സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാനാണ് അവര്‍ക്ക് താല്‍പര്യം മുഷറഫ് പറഞ്ഞു. കശ്മീരില്‍ പോരാടുന്ന ഏതൊരാളും യഥാര്‍ഥ സ്വാതന്ത്ര്യസമര പോരാളിയാണെന്നും മുഷറഫ് പറഞ്ഞു. മുഷാറഫിന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.