കേസുകള്‍ ഒതുക്കുവാന്‍ സരിതക്ക് സഹായം നല്‍കിയത് ഉമ്മന്‍ചാണ്ടി തന്നെയെന്ന് ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായര്‍ക്ക് കേസുകളൊതുക്കാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി മുഖേന നല്‍കിയിരുന്ന പണം പലതവണ താന്‍ പോയി വാങ്ങിയിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍. ടീം സോളാര്‍ കമ്പിനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍, വക്കീല്‍ ഗുമസ്തനായ രഘു എന്നിവരുമായി ഫെനി നടത്തിയ സംഭാഷണത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍ എം.പി, എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവരും സരിതയ്ക്ക് പണം നല്‍കിയതായി ഇവരുടെ സംഭാഷണത്തിലുണ്ട്.
സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് കേസുകള്‍ ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി വഴി തന്റെ പക്കല്‍ പണം നല്‍കിയിരുന്നതെന്ന് രാജശേഖരനുമായുള്ള സംഭാഷണത്തില്‍ അഡ്വ: ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. തമ്പാനൂര്‍ രവി വശം ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടില്‍ ഇടനിലനിന്നിരുന്നു. സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഫെനി വ്യക്തമാക്കുന്നു.
മന്ത്രി അടൂര്‍ പ്രകാശ്, അഭിഭാഷകനായ ഉണ്ണിത്താന്‍ വശം 30 ലക്ഷം രൂപ കൊടുത്തു. കെ.സി വേണുഗോപാല്‍ എം.പി പണം നല്‍കിയ കാര്യം രാജശേഖരന്‍ പറയുമ്പോഴും ഫെനി ശരിവയ്ക്കുന്നു. എറണാകുളത്തെ പണമിടപാടില്‍ ബെന്നി ബഹനാനാണ് ഇടനിലക്കാരനായത്. എ.പി അബ്ദുള്ളക്കുട്ടി നല്‍കിയ പത്തുലക്ഷം സരിതയ്‌ക്കൊപ്പം താനും ഡ്രൈവര്‍ ശശിയും പോയാണ് വാങ്ങിയതെന്നും ഫെനി സംഭാഷണമധ്യേ രാജശേഖരനോടും രഘുവിനോടും പറയുന്നു. സരിതയ്ക്ക് വന്‍തുക ലഭിച്ചിട്ടുണ്ടെന്നും കോയമ്പത്തൂരില്‍ ഫാംഹൗസും തിരുവനന്തപുരത്ത് ഒരു കോടിയില്‍പരം രൂപ മുടക്കി വീടും വാങ്ങിയെന്നും സംഭാഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി തന്നെ പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സരിതയുടെ അഭിഭാഷകന്റെ വാക്കുകള്‍.

© 2024 Live Kerala News. All Rights Reserved.