പിന്നെയും പിന്നെയും… ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍; അദേഹം മറഞ്ഞിട്ട് ആറാണ്ടാവുമ്പോഴും മലയാളിക്ക് ഓര്‍മ്മിക്കാന്‍ ഗാനങ്ങള്‍ കൂട്ടുണ്ട്

കോഴിക്കോട്: മലയാളിയ്ക്ക് പ്രണയവും വിരഹവും വിഷാദവും ഭക്തിയും പകര്‍ന്ന ഒരു പിടി ഗാനങ്ങള്‍ നല്‍കിയാണ് ഗിരീഷ് പുത്തഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അദേഹത്തിന്റെ വിയോഗത്തിന് ആറുവര്‍ഷമാകുമ്പോഴും ഓര്‍മ്മിക്കാന്‍ നല്ല കുറെ ഗാനങ്ങളുണ്ട്. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, ആറാംതമ്പുരാനിലെ ഹരിമുരളീരവം തുടങ്ങിയ രണ്ടു ഗാനങ്ങള്‍ മതി ഗിരീഷിന് മറക്കാതിരിക്കാന്‍. പക്ഷേ അദേഹം മലയാളിയെ പ്രണയിക്കാനും പഠിപ്പിച്ചു. ഒരുപാട് വാക്കുകളിലൂടെ വരികളിലൂടെ. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതികൊണ്ടാണ് പാട്ടെഴുത്ത് രംഗത്തേക്ക് ഗിരീഷ് പ്രവേശിക്കുന്നത്. കാസറ്റ് കമ്പനികള്‍ക്ക് വേണ്ടി നിരവധി ഗാനങ്ങളും എഴുതി. ‘എന്‍ക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതികൊണ്ടാണ് മലയാള സിനിമാ ലോകത്ത് ഗിരീഷ് പുത്തഞ്ചേരി ആദ്യമായെത്തിയത്. പക്ഷേ ഗിരീഷിനെ തിരിച്ചറിഞ്ഞത് ജോണിവാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനത്തിലൂടെയായിരുന്നു. ജോണിവാക്കര്‍, ദേവാസുരം, രാവണപ്രഭു, ബാലേട്ടന്‍, മിന്നാരം, ആറാംതമ്പുരാന്‍ തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ഹിറ്റ്ഗാനങ്ങള്‍ എഴുതിയാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഗിരീഷ് പുത്തഞ്ചേരി എത്തിയത്. പ്രണയവും വിരഹവും വേദനയും സന്തോഷവും ഭാവസാന്ദ്രമായി തന്നെ ആ തൂലികയില്‍ നിന്ന് ഉതിര്‍ന്നു വീണു. രണ്ട് ദശാബ്ദത്തിനിടെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നത് 1500ല്‍ പരം ഗാനങ്ങളായിരുന്നു.

16tvf_neelambari3_J_104354f
ഇളയരാജ, രവീന്ദ്രന്‍, ജോണ്‍സണ്‍ എന്നിങ്ങനെ ഒട്ടുമിക്ക സംഗീത സംവിധായകരും ഗിരീഷിന്റെ വരികള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഗിരീഷുമായി ചേര്‍ന്ന് ഏറ്റവും മികച്ച ഗാനങ്ങള്‍ സൃഷ്ടിച്ചത് രവീന്ദ്രനും വിദ്യാസാഗറും എം.ജയചന്ദ്രനും ആണ്. പിന്നെയും പിന്നെയും, ആരോ വിരല്‍ മീട്ടി, എത്രയോ ജന്മമായി, ഒരു രാത്രി കൂടി വിട വാങ്ങവേ, മറന്നിട്ടുമെന്തിനോ, ആരോരാള്‍ പുലര്‍മഴയില്‍, കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാന്‍, കണ്ണാടി കൂടും കൂട്ടി, ആരോ കമഴ്ത്തി വച്ചൊരു (ഓണപ്പാട്ട്) തുടങ്ങിയവ ഗിരീഷ്-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗാനങ്ങളാണ്. മലയാളികളുടെ പ്രിയ ഗാനങ്ങളായ കാര്‍മുകില്‍വര്‍ണന്റെ, കളഭം തരാം, ഒരു കിളി പാട്ട് മൂളവേ, ഹരി മുരളീരവം, പാടി തൊടിയിലേതോ, എന്തെ മുല്ലേ പൂക്കാത്തു തുടങ്ങിയ രവീന്ദ്രന്‍ ഗാനങ്ങള്‍ക്കും കണ്ണില്‍ കണ്ണില്‍, ഇന്നലെ എന്റെ നെഞ്ചിലെ, അമ്മ മഴക്കാറിനു, ജനുവരിയില്‍ വിരിയുമോ, ജൂണിലെ നിലാമഴയില്‍, പ്രിയന് മാത്രം, കണ്ടു കണ്ടു കൊതി തുടങ്ങിയ എം ജയചന്ദ്രന്‍ ഗാനങ്ങള്‍ക്കും ഗിരീഷിന്റെ വരികള്‍ ആയിരുന്നു.പാതിരാ പുള്ളുണര്‍ന്നു (ജോണ്‍സണ്‍), കൈക്കുടന്ന നിറയെ (രഘുകുമാര്‍), ചെമ്പൂവേ പൂവേ, ഒരു ചിരി കണ്ടാല്‍, മറക്കുടയാല്‍, മെല്ലെയൊന്നു പാടി, എന്ത് പറഞ്ഞാലും, ശ്വാസത്തിന്‍ താളം, (ഇളയരാജ), നിലാവിന്റെ നീലഭസ്മ, ഒരു പൂവിതളില്‍, തിര നുരയും (എം.ജി.രാധാകൃഷ്ണന്‍), തുമ്പയും തുളസിയും, താമര നൂലിനാല്‍ (ഔസേപ്പച്ചന്‍), മലയണ്ണാര്‍കണ്ണന്‍ (കൈതപ്രം), മാലേയം മാറോടലിഞ്ഞും, സൂര്യനാളം (ശരത്) തുടങ്ങിയവ. വ്യാകരണത്തിന്റെയും അര്‍ത്ഥഭംഗത്തിന്റെയും പേരില്‍ കടുത്ത വിമര്‍ശനവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കാവ്യഭംഗിയല്ല സാഹചര്യത്തോടാണ് ഗാനങ്ങള്‍ സംവദിക്കുന്നതെന്ന് പറഞ്ഞ് വിമര്‍ശകരുടെ വായപ്പടിക്കാനും ഗിരീഷ് തന്റേടം കാട്ടിയിരുന്നു.കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനിച്ച ഗിരീഷ് പുത്തഞ്ചേരി പിന്നീട് കാരപ്പറമ്പിലെ തുളസീദളം വീട്ടിലായിരുന്നു താമസം. 300ലധികം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിക്കുകയും ഏഴുതവണ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിക്കുകയും ചെയ്ത ഈ കലാകാരന്‍ 2010ല്‍ മസ്തിഷ്‌കാഘാതത്തെതുടര്‍ന്നാണ് വിടവാങ്ങിയത്.

© 2024 Live Kerala News. All Rights Reserved.