ഉത്തരകൊറിയയുടെ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്; യു.എന്‍ രക്ഷാ സമിതിയുടെ ചട്ടങ്ങള്‍ ലംഘിച്ചതായി അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്. യു.എന്‍ പ്രമേയം പാസാക്കി. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് നടത്തിയ വിക്ഷേപണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉത്തരകൊറിയ യുഎന്‍ രക്ഷാ സമിതിയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും രക്ഷാസമിതിയിലെ അംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും വെനിസ്വല യുഎന്‍ വക്താവ് റാഫേല്‍ റമീറെസ് പറഞ്ഞു. ലോകത്തെ ഞെട്ടിച്ച് കഴിഞ്ഞമാസം ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ഞായറാഴ്ച ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹ വിക്ഷേപണം മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഉത്തരകൊറിയ പറയുന്നത്. എന്നാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഉപഗ്രഹവിക്ഷേപണമെന്നറിയിച്ച് മറ്റുരാജ്യങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഐക്യരാഷ്ട്രസഭ അടിയന്തരയോഗം വിളിച്ചത്.