ബാംഗ്ലൂര്‍: സ്‌കൂളില്‍ കയറിയ പുള്ളിപ്പുലിയെ മണിക്കൂറുകളുടെ പ്രയത്‌നത്തെത്തുടര്‍ന്നാണ് വനപാലകരും പൊലീസും കീഴടക്കിയത്. ബാംഗ്ലൂര്‍ മാറത്തഹള്ളിക്കു സമീപം തൂബറഹള്ളി വിബ്ജിയോര്‍ ഹൈ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടതായി രാവിലെ സുരക്ഷാ ജീവനക്കാരാണ് അറിയിച്ചത്.
ഏഴര ഏക്കര്‍ വളപ്പില്‍ നുഴഞ്ഞുകയറിയതു പുലി തന്നെയെന്നു സിസി ടിവി ദൃശ്യങ്ങളില്‍നിന്നു സ്ഥിരീകരിച്ചു. അവധി ദിവസമാണെന്നതായിരുന്നു ആശ്വാസം. വാര്‍ത്ത പരന്നതോടെ നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും തടിച്ചുകൂടി.
അന്‍പതോളം പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ വളഞ്ഞെങ്കിലും കെട്ടിടത്തിനകത്തും വളപ്പിലുമായി പുലി ഒളിച്ചുകളി തുടര്‍ന്നു. അഞ്ചരയോടെയാണു നേര്‍ക്കുനേര്‍ പ്രത്യക്ഷപ്പെട്ടത്. സ്വിമ്മിങ് പൂളിനടുത്തുവച്ചു മൂന്നു വനംവകുപ്പ് ജീവനക്കാര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണു പുലി ആക്രമിച്ചത്.
ഒരാളെ കടിച്ചുവീഴ്ത്തി; വലതുകൈ കടിച്ചുമുറിക്കുകയും ചെയ്തു. ഒടുവില്‍ രാത്രി എട്ടുമണിയോടെയാണു പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചു പുലിയെ കീഴടക്കിയത്. മയക്കുവെടിയേറ്റ ശേഷവും പുലി സ്‌കൂളിനുള്ളിലേക്ക് ഓടിമറഞ്ഞു. സന്ധ്യയായി വെളിച്ചം മങ്ങിയതോടെ ആശങ്കയായി.
സ്‌പോട് ലൈറ്റുകളുമായി തുടര്‍ന്ന തിരച്ചിലിലാണു രാത്രി എട്ടുമണിയോടെ മയങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയത്. മൂന്നു വയസ്സുള്ള പുള്ളിപ്പുലിയെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റി. മൈസൂര്‍ വനമേഖലയില്‍ നിന്നെത്തിയ പുലിയാവാനാണ് സാധ്യതയെന്ന് വനപാലകര്‍ വ്യക്തമാക്കി.