മുംബൈ ഭീകരാക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയിബയെ സഹായിച്ചത് ഐഎസ്‌ഐ; ജമാത്ത് ഉദ്ധവ നേതാവ് ഹാഫിസ് സെയ്ദ് ഒത്താശ ചെയ്തു; ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടരുന്നു

മുംബൈ: മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇതിനായി പണം നല്‍കിയെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തിയതായി എന്‍.ഐഎ.എ റിപ്പോര്‍ട്ട്. പാകിസ്താനിലെ ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സെയ്ദിന്റെ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നത്. മുംബൈയ്ക്ക് പുറമേ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, സി.ബി.ഐ ഓഫിസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി ഐ.എസ്.ഐക്ക് വിവരം നല്‍കിയിരുന്നു. പാകിസ്താന്റെ ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് മുംബൈ ആക്രമണം നടത്താന്‍ തന്നെ സഹായിച്ചത്. ഐ.എസ്.ഐയിലെ ബ്രിഗേഡിയര്‍ റിവാസാണ് ലശ്കറെ ത്വയ്യിബ നേതാവ് സകിയുര്‍റഹ്മാന്‍ ലഖ്‌വിയെ നിയന്ത്രിക്കുന്നത് എന്നീ വിവരങ്ങളും ഹെഡ്‌ലി വെളിപ്പെടുത്തിയതായി എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബര്‍ 26നായിരുന്നു ആക്രമണം. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രധാനിയാണ് ഹെഡ്‌ലി. 2009ല്‍ അമേരിക്കന്‍ ഏജന്‍സി എഫ്.ബി.ഐയുടെ പിടിയിലായ ഹെഡ്‌ലിക്ക് 35 വര്‍ഷത്തെ തടവാണ് അമേരിക്കന്‍കോടതി വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അമേരിക്കയിലുള്ള ഹെഡ്‌ലിയുടെ മൊഴിയെടുക്കുന്നത്.

© 2024 Live Kerala News. All Rights Reserved.