രമേശ് ചെന്നിത്തലയും സിപിഎമ്മും ഒത്തുകളിക്കുന്നു; ടിപി വധക്കേസ് സിബിഐയ്ക്ക് വിടാന്‍ മടിക്കുന്നത് രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ കെ രമ

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ വിടാതിരിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ ആരോപിച്ചു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും രമ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കിയില്ലെന്നാണ് രമയുടെ ആരോപണം. ഇതേ ആവശ്യത്തില്‍ ആര്‍എംപി നേതാക്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശൂര്‍ രാമനിലയത്തിലെത്തിയാണ് ആര്‍എംപി നേതാവ് വേണു അടക്കമുളളവര്‍ കുമ്മനത്തെ കണ്ടത്. ഈ നിവേദനം കേന്ദ്രത്തിന് കൈമാറുന്നതിനാണ് കുമ്മനത്തെ കണ്ടത്. ടി.പി വധത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് അധികാരകേന്ദ്രങ്ങളുടെ പിന്തുണ വേണമെന്നും അതിനായിട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും വേണു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ കെ കെ രമ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

© 2024 Live Kerala News. All Rights Reserved.