ഭൂമിയെ രക്ഷിക്കാന്‍ എല്ലാ മതവിഭാഗങ്ങളും ഒരുമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി :പരിസ്ഥിതി നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ധീരവിപ്ലവത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. പണക്കാരന്‍ ദരിദ്രനെ മുതലെടുക്കുന്ന തെറ്റായ സാമ്പത്തിക ക്രമം ഭൂമിയെ അനന്തമായ മാലിന്യകൂമ്പാരമാക്കുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഒന്നാംലോകരാജ്യങ്ങളുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള ചാക്രികലേഖനം വത്തിക്കാന്‍ പുറത്തിറക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ശക്തമായ ഭാഷയില്‍ പരിസ്ഥിതിനാശത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത്.

ആഗോളതാപനം ആരുടെ സൃഷ്ടിയാണ്? അനിയന്ത്രിതമായ ഇന്ധന ഉപഭോഗവും വ്യാവസായികവത്ക്കരണവും മുന്നോട്ട് വെക്കുന്ന സാമ്പത്തിക ക്രമാണ് ഭൂമിയെ വാസയോഗ്യമല്ലാത്ത നിലയിലേക്കെത്തിക്കുന്നതെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത്. ഇത് പ്രകൃതിയെ മാത്രമല്ല, ലോകത്തെ കോടിക്കണക്കിന് ദരിദ്രരെയും ഹാനികരമായി ബാധിക്കുന്നു. വന്‍കിട രാജ്യങ്ങളുടെ തെറ്റായ സാമ്പത്തിക, വ്യവസായ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന മാര്‍പാപ്പയുടെ ചാക്രികലേഖനത്തിന്‍റെ തലക്കെട്ട് നമ്മുടെ വീടായ ഭൂമിയുടെ സംരക്ഷണത്തിനായി എന്നാണ്. ശക്തിയുള്ള സമൂഹങ്ങളും വ്യക്തികളും കൂടുതല്‍ വിഭവങ്ങള്‍ കൈയ്യടക്കുകയും അത് സ്വന്തം ഗുണത്തിനായിമാത്രം ഉപയോഗിക്കുകയുമാണ്. ഈ സാമ്പത്തിക ക്രമം, ക്രിസ്തു മുന്നോട്ട് വെച്ച നീതി, സാഹോദര്യം എന്നീ ആദര്‍ശങ്ങള്‍ക്ക് എതിരാണ്.

ഭാഗികമായ ശ്രമങ്ങളോ, ലാഭം നോക്കിയുള്ള പ്രവര്‍ത്തനങ്ങളോ കൊണ്ട് ഇനി ഭൂമിയെ രക്ഷിക്കില്ലെന്നാണ് മാര്‍പ്പാപ്പ എഴുതുന്നത്. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറണം. ആഗോളതാപനത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്ന നേതാക്കളെയും സാധാരണക്കാരെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ചാക്രികലേഖനം, ഭൂമിയുടേയും പാവങ്ങളുടെയും കരച്ചില്‍ ഉയര്‍ത്തികേള്‍പ്പിക്കാനായാണെന്നും മാര്‍പ്പാപ്പ പറയുന്നു. ദൈവസൃഷ്ടിയായ ഭൂമിയെ രക്ഷിക്കാന്‍ എല്ലാ മതവിഭാഗങ്ങളും രാജ്യങ്ങളും ധീരമായി ഒരുമിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. അമേരിക്ക ഉള്‍‍പ്പെടെയുള്ള വന്‍സാമ്പത്തിക ശക്തികളും ഇന്ധനവ്യവസായികളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളെ സ്വീകരിക്കാന്‍ ഇടയില്ല.

© 2024 Live Kerala News. All Rights Reserved.