സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ 100 ലക്ഷം ഡോളര്‍ സഹായം നല്‍കും; ബ്രിട്ടനും അമേരിക്കയും ജര്‍മ്മനിയും സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചു

ഡമാക്കസ്: ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധക്കെടുതികളുംമൂലം പൊറുതിമുട്ടി പലായനം തുടരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ 100 ലക്ഷം ഡോളര്‍കൂടി ധനസഹായം പ്രഖ്യാപിച്ചു. സൗദി അറേബ്യ നേരത്തെ 780 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സിറിയയിലെ അഭയാര്‍ഥികള്‍ക്ക് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കഴിഞ്ഞ ദിസം 100 ദശലക്ഷം ഡോളറിന്റെ സഹായം സൗദി ധനകാര്യ മന്ത്രി ഡോ. ഇബ്രാഹിം അല്‍ അസ്സാഫ് പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് ലണ്ടനില്‍ നടന്ന ഡോണേഴ്‌സ് മീറ്റിലാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. സിറിയന്‍ യുദ്ധം 1.8 കോടി സിറിയക്കാരുടെ ജീവിതം ദുരിതത്തിലാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് വര്‍ഷം നീണ്ട സംഘര്‍ഷത്തിനിടെ സിറിയയില്‍ മൂന്ന് ലക്ഷം മനുഷ്യ ജീവന്‍ നഷ്ടമായി. ലണ്ടന്‍ സമ്മേളനത്തില്‍ ബ്രിട്ടണും ജര്‍മനിയും അമേരിക്കയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചു. സിറിയന്‍ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് 40 ലക്ഷം സിറിയന്‍ പൗരന്മാരാണ് അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലുളളത്. ഇതില്‍ അഞ്ച് ലക്ഷം സിറിയക്കാര്‍ സൗദിയിലാണ്. ഇവര്‍ക്ക് താമസാനുമതി രേഖയും ജോലി ചെയ്യാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.