മഹേഷിന്റെ പ്രതികാരം അഥവാ ഇടുക്കിയുടെ നാട്ടുശീലങ്ങള്‍

എസ്. വിനേഷ് കുമാര്‍

കലാനുസൃതമായ മാറ്റങ്ങളാണ് മലയാള സിനിമയെ ഇപ്പോള്‍ വ്യത്യസ്ഥമാക്കുന്നത്. ടിപ്പിക്കല്‍ ആഖ്യാനരീതികള്‍ക്കും കള്‍ട്ട് ഫിഗറുകളുടെ ക്ലീഷേ പടിയില്‍ നിന്ന് തെന്നിമാറുന്ന അപൂര്‍വം ചിത്രങ്ങളിലൊന്നുതന്നെയാണ് മഹേഷിന്റെ പ്രതികാരം. പരീക്ഷണകാലത്തെ പുതിയ രീതികളും ഛായങ്ങളും പകര്‍ന്നൊരു നാടന്‍ ചിത്രം.
അങ്ങനെയൊരു പരീക്ഷണത്തിന്റെ ഫീഡ്ബാക്കാണ് മഹേഷിന്റെ പ്രതികാരമെന്ന് പറഞ്ഞാല്‍ അതിശയോക്തിപരമാകില്ല. ഉള്‍ക്കരുത്തുള്ള കഥയുടെ അഭാവത്തിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ തിയറ്ററിലിരുത്തുന്നതില്‍ മഹേഷിന്റെ പ്രതികാരം വിജയിച്ചുവെന്ന് നിസംശ്ശയം വിലയിരുത്താം. ഒരു മികച്ച സിനിമ ആസ്വദിക്കുകയെന്ന ലക്ഷ്യവുമായി മഹേഷിനെയും കൂട്ടരെയും കാണാന്‍ പുറപ്പെടാതെ ഒരു കോമഡി എന്റര്‍ടൈയിനര്‍ എന്ന നിലയില്‍ ഇടുക്കിയുടെ നാട്ടുശീലങ്ങളെ കോര്‍ത്തിണക്കിയ ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം. അവതരണമികവും ആഖ്യാനരീതിയും എടുത്ത പറയാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയ മികവിന്റെ മറ്റൊരു ഉദാഹരണംകൂടിയാണിവിടെ എഴുതിച്ചേര്‍ക്കുന്നത്. ആഷിക് അബുവിന്റെ സഹസംവിധായകനായ ദിലീഷ് പോത്തന്‍ സ്വതന്ത്രസംവിധായകനാകുന്ന ചിത്രമെങ്കിലും പരിചയസമ്പന്നതയുടെ അനുഭവങ്ങളുടെയും വ്യക്തവും ശക്തവുമായ കയ്യടക്കം ചിത്രത്തിലുടനീളം വ്യക്തമാണ്.

2

വീര്യമാര്‍ന്ന പ്രതികാരം  മധുരമായ പ്രതികാരമായതെങ്ങനെയെന്നാണ് ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ ശ്യാം പുഷ്‌കരന്റെ മികവാര്‍ന്ന സ്‌ക്രീന്‍പ്ലേ ചിത്രത്തിന്റെ ആണിക്കല്ലാവുമ്പോള്‍ ഷൈജു ഖാലിദിന്റെ കാമറ മാജിക്കും കട്ടപ്പനയുടെ സൗന്ദര്യത്തെ അഭ്രപാളികളില്‍ വിസ്മയിപ്പിക്കുന്നു. കട്ടപ്പന അങ്ങാടിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ നാട്ടുമ്പുറ ബന്ധങ്ങളും ഫോട്ടോഗ്രാഫിയില്‍ അത്രയൊന്നും കഴിവില്ലാത്ത കള്ളകളികളും ഫഹദിന്റെ കയ്യില്‍ ഭദ്രമാകുമ്പോള്‍ ബേബിച്ചായനും ലിസ്പിനുമെല്ലാം മലയാളിയുടെ നര്‍മ്മബോധത്തിന് ചൂടും ചൂരും പകരുന്നു.  ഞാന്‍ സ്റ്റീവ് ലോപ്പസ് ഫെയിം സുജിത് ശങ്കര്‍ ആദ്യാവസാനംവരെ മികച്ച പെര്‍ഫോമന്‍സ് തന്നെ കാഴ്ച്ചവെയ്ക്കുന്നുണ്ട്. നീളന്‍ സംഭവാഷണമുള്ള കോമഡി കേട്ട് മടുത്ത മലയാളിക്ക് സരസമായ നര്‍മ്മസംഭാഷണങ്ങളിലൂടെ ക്രിസ്പിനെ മനോഹരമാക്കിയ സൗബിന്‍ ഷാഹിര്‍ മികച്ചൊരു നടനാണെന്ന് തെളിയിച്ച ചിത്രംകൂടിയാണ് മഹേഷിന്റ പ്രതികാരം. മഹേഷിന്റെ കാമുകിയായ സൗമ്യയെ അനുശ്രീ നായര്‍ മനോഹരമാക്കിയപ്പോള്‍ ഒടുവിലത്തെ പ്രണയിനിയായ ജിന്‍സിയിലൂടെ അപര്‍ണ ബാലമുരളി തകര്‍പ്പന്‍ പെര്‍ഫോമന്‍സില്‍ പ്രേക്ഷകരുടെ കയ്യടി നേടി.അച്യുതാനന്ദന്‍ എന്ന നടന്റെ അഭിനയമികവും ചിത്രത്തെ ആകര്‍ഷകമാക്കുന്നു.

3

ഒരു ചെറുപ്പക്കാരന്റെ ചിട്ടയില്ലെങ്കിലും സത്യസന്ധമായ ജീവിതമായി മഹേഷിന്റെ പ്രതികാരം തുടങ്ങുമ്പോള്‍ പിന്നീടിത് കിട്ടിയ അടി തിരിച്ചുകൊടുക്കാതെ ഞെരിപിരി കൊള്ളുന്ന ക്ഷുഭിത യൗവനത്തെ നമുക്ക് പരിചിതമാക്കുകയും ചെയ്യുന്നു. ഇടുക്കിയെന്ന നാടിന്റെ സമ്പല്‍സമൃദ്ധിയെക്കുറിച്ച് നിരവധി ടൈറ്റില്‍ സോങ്ങുകള്‍ മലയാളത്തിലിറങ്ങിയെങ്കിലും വ്യത്യസ്ഥമായൊരുഗാനത്തോടെയാണ് മഹേഷിന്റെ പ്രതികാരം തുടങ്ങുന്നത്. മികച്ച ഫ്രയിമുകളും ഷോട്ടുകളും മുഹൂര്‍ത്തങ്ങളും ഷൈജു ഖാലിദിന്റെ കാമറ ഒപ്പിയെടുത്തപ്പോള്‍ നമ്മുടെ നഗവത്കരണത്തിലേക്ക് നീങ്ങുന്ന നാട്ടിന്‍പുറങ്ങളുടെ നന്മയും സ്‌നേഹവും ചിത്രത്തെ സൗഹൃദസമ്പന്നമാക്കുന്നു. പഞ്ചുള്ള ഡയലോഗുകളും സസ്‌പെന്‍സ് ത്രില്ലറുമൊന്നുമല്ലാത്ത ചിത്രത്തില്‍ പ്രേക്ഷകന് ഇരുന്നാസ്വദിക്കാനുള്ള പ്രതീക്ഷയെവിടെയൊക്കെയോ നല്‍കുന്നു. ചെറിയൊരു ചിത്രത്തിന്റെ മിനുക്കുപണികളും മുന്നൊരുക്കങ്ങളും നടത്തിയാല്‍ മഹേഷിന്റെ പ്രതികാരം പോലെ പ്രേക്ഷകര്‍ക്ക് അയ്യേ എന്ന് പറയാതെ ഒരു ചിത്രമെടുക്കാമെന്ന് ദിലീഷ് പോത്തന്‍ തെളിയിച്ചിരിക്കുന്നു.

4

തികച്ചും അരാഷ്ട്രീയമായൊരു പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മഹേഷ് പിന്നീടൊരു പ്രതികാരത്തിന്റെ അത്രത്തോളം മൂഢമല്ലാത്ത രാഷ്ട്രീയം പുറത്തെടുക്കുന്നു. പിതാവ് ചാച്ചനുമൊത്തുള്ള ജീവിതവഴികളില്‍ പിഴക്കാത്ത ചുവടുകളും സംഭാഷണങ്ങളുമായി മുന്നേറുന്നു. ആകര്‍ഷകമായ ലൈറ്റ് അറേഞ്ച്‌മെന്റ് ചിത്രത്തിലെ മനോഹര ഫ്രെയിമുകള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്. പതിവ് വാര്‍പ്പ് മാതൃകകളില്‍ നിന്ന് മാറിയൊരു സഞ്ചാരമാണ് മഹേഷിന്റെ ചിത്രമെന്ന് നിസംശയം പറയാം. ഒരു ഹവായ് ചെരുപ്പിന്റെ വാറില്‍ നിന്നുള്ള തുടങ്ങുന്ന പ്രതികാരം നഗ്നപാദങ്ങള്‍ക്ക് ചാരുത നല്‍കുകയാണ് ഫഹദിലൂടെ. പ്രതികാരം വീട്ടി എട്ട് സൈസ് ലൂണാര്‍ ഹവായിലേക്ക് മഹേഷ് എത്തുമ്പോള്‍ ശത്രു മിത്രമാവുകയും ശത്രുവിന്റെ സഹോദരി തന്റെ എല്ലാമെല്ലാമാവുകയും ചെയ്യുന്നിടത്ത് ചിത്രത്തിന്റെ തിരശ്ശില വീഴുന്നു. മലയാളിയുടെ പതിവ് ആസ്വാദനശീലങ്ങള്‍ക്ക് മുകളില്‍തന്നെയാണ് മഹേഷിന്റെ പ്രതികാരം ചെരുപ്പില്ലാതെ ചവിട്ടിനില്‍ക്കുന്നത്.