മുഖ്യമന്ത്രിക്ക് 30 ലക്ഷം നല്‍കിയെന്ന് സരിത പറഞ്ഞത് ശരി: പി.സി. ജോര്‍ജ്

കൊച്ചി മുഖ്യമന്ത്രിക്കു 30 ലക്ഷം രൂപ നല്‍കിയതായി സരിത എസ്. നായരുടെ കത്തില്‍ പറഞ്ഞതു താന്‍ വിശ്വസിക്കുന്നതായി പി.സി. ജോര്‍ജ് എംഎല്‍എ സോളര്‍ കമ്മിഷനു മൊഴി നല്‍കി. സരിത ജയിലില്‍ വച്ച് എഴുതിയ കത്തിലുള്ളതെല്ലാം സത്യമാണെന്നു തനിക്കു ബോധ്യമുണ്ട്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സരിതയെ സഹായിച്ച ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചു തനിക്കറിയാം. എന്നാല്‍, കേട്ടറിവ് മാത്രമായതുകൊണ്ടു പേരു പറയുന്നില്ല.

സരിതയുടെ വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അന്വേഷണോദ്യോഗസ്ഥരാണെന്നു സരിത തന്നോടു പറഞ്ഞിട്ടുണ്ട്. സരിതയുെട ലാപ് ടോപ് പൊലീസിന്റെ പക്കലുണ്ടെന്ന് അഡ്വ. ഫെനി ബാലകൃഷ്ണനും പറഞ്ഞു. സോളര്‍ കമ്മിഷനില്‍ ഹാജരായി സത്യം മുഴുവന്‍ വെളിപ്പെടുത്തുമെന്ന് ഫെനി ബാലകൃഷ്ണന്‍ തന്നോട് ഫോണില്‍ പറഞ്ഞതായും ജോര്‍ജ് മൊഴി നല്‍കി. ഇതു മൂന്നാം വട്ടമാണു ജോര്‍ജ് മൊഴി നല്‍കാനെത്തുന്നത്. ആദ്യം ജോര്‍ജിന്റെ ഔദ്യോഗിക തിരക്ക് മൂലവും പിന്നീട് ഭൂചലനം മൂലവും മൊഴി നല്‍കല്‍ തടസപ്പെട്ടിരുന്നു.

എറണാകുളത്തെ എംഎല്‍എ ഉള്‍പ്പെട്ട ലൈംഗികാരോപണ വിവാദത്തിലെ ആലുവ സ്വദേശിനി സോളര്‍ കമ്മിഷനില്‍ നല്‍കിയിരുന്ന പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷക മുഖേന കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ തമാശ കളിക്കാനുള്ള സ്ഥലമല്ലെന്ന പരാമര്‍ശത്തോടെ ജസ്റ്റിസ് ജി. ശിവരാജന്‍ പരാതിക്കാരിയെ ശാസിച്ചു. സോളര്‍ വിവാദം വഴി തിരിച്ചുവിടാന്‍ തന്റെ കൈവശമുണ്ടായിരുന്ന സിഡി ഒരു ഗവ. പ്ലീഡറും എംഎല്‍എയും ചേര്‍ന്നു മാധ്യമങ്ങള്‍ക്കു നല്‍കിയെന്നായിരുന്നു പരാതി.

പരാതിയെക്കുറിച്ച് കമ്മിഷന്‍ സമയം ചെലവഴിച്ച് അന്വേഷണം നടത്തിയതിനുശേഷം പെട്ടെന്നൊരു ദിവസം വന്നു പരാതിയില്ലെന്ന് അറിയിക്കുന്നതു തമാശ കളിക്കലാണെന്നു ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ഒക്ടോബര്‍ 27 വരെയാണു കമ്മിഷന് നിലവില്‍ സമയം നീട്ടിനല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. ഐഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ. രാജനും പി.സി. ജോര്‍ജും കേസില്‍ കക്ഷി ചേര്‍ന്നു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ 29നും സിപിഎം പിബി അംഗം പിണറായി വിജയന്‍ ജൂണ്‍ നാലിനും മൊഴിനല്‍കും.

© 2024 Live Kerala News. All Rights Reserved.