നരേന്ദ്രമോദി ആനന്ദി ബെന്‍ പട്ടേലിന്റെ മകള്‍ക്ക് 250 ഏക്കര്‍ ഭൂമി തുച്ഛവിലയ്ക്ക് നല്‍കിയെന്ന് ആരോപണം; അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റവന്യൂ മന്ത്രിയായിരുന്ന ആനന്ദി ബെന്‍ പട്ടേലിന്റെ മകളുമായി ബന്ധമുള്ള കമ്പനിയ്ക്കു 250 ഏക്കര്‍ ഭൂമി തുച്ഛവിലയ്ക്ക് നല്‍കിയെന്ന് ആരോപണം. അനാല്‍ ജയേഷ് പട്ടേലിന്റെ കമ്പനിയ്ക്കാണ് സര്‍ക്കാര്‍ അനധികൃതമായി ഭൂമി അനുവദിച്ചത്. ആനന്ദി ബെന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തി.

ഗിര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനു സമീപം 250 ഏക്കര്‍ ഭൂമി ചതുരശ്ര മീറ്ററിനു വെറും 15 രൂപ നിരക്കിലാണു മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു സര്‍ക്കാര്‍ നല്‍കിയത്. ഏക്കറിന് 50 ലക്ഷം രൂപ വിലവരുന്ന സ്ഥലമാണ് 60000 രൂപയ്ക്കു നല്‍കിയത്. വൈല്‍ഡ് വുഡ് റിസോര്‍ട്‌സ് ആന്‍ഡ് റിയല്‍റ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ പ്രമോട്ടര്‍മാരും അനാല്‍ ജയേഷ് പട്ടേലും ബിസിനസ് പാട്‌നര്‍മാരാണ്. ആകെ 400 ഏക്കര്‍ സ്ഥലമാണു കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. 2010 11 ല്‍ ആനന്ദിബെന്‍ പട്ടേല്‍ റവന്യു മന്ത്രിയായിരുന്ന കാലത്താണു ഭൂമി കൈമാറ്റം നടന്നത്.

© 2024 Live Kerala News. All Rights Reserved.