മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം; പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കാന്‍ അവകാശമുന്നയിച്ച് മുസ്ലിം സ്ത്രീകള്‍ സുപ്രീംകോടതിയില്‍

മുംബൈ: ഇന്ത്യയിലെ പള്ളികളില്‍ പ്രവേശനം ആവശ്യപ്പെട്ട് ഒരു സംഘം മുസ്ലിം സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം തേടുന്ന എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. ‘പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കാന്‍ പ്രവാചകന്‍ മുഹമ്മദ് സ്ത്രീകളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നതായി’ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. ‘സ്ത്രീകളെ പള്ളികളില്‍ നിന്നും തടയരുതെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘മക്കയിലെ ഹറം പള്ളിയില്‍ ലോകത്തിലെ എല്ലാ ഭാഗത്തുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സാധിക്കും. അവിടെ സ്ത്രീയ്ക്കും പുരുഷനും യാതൊരു വിവേചനമില്ല. ഇത്തരം വിവേചനങ്ങള്‍ ഖുര്‍ആന്‍ നിര്‍ദേശങ്ങളുടെ ലംഘനമാകുമെന്നതിനാലാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 15 അനുച്ഛേദത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ലിംഗവിവേചനം തടയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് പുരോഹിതന്‍മാരുടെയും പ്രാദേശിക പള്ളി കമ്മിറ്റി പ്രവര്‍ത്തകരുടെയും പുരുഷാധിപത്യ മനോഭാവം കാരണമാണെന്ന് ഭാരതീയ മുസ്‌ലിം മഹിളാ ആ്‌ന്തോളന്‍ സ്ഥാപകരിലൊരാളായ സാക്കിയ സോമന്‍ പറയുന്നു. ‘സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക കമ്മിറ്റി അഗങ്ങള്‍ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുകയും അവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.’ അവര്‍ പറഞ്ഞു. മുസ്ലിം പുരോഹിത വര്‍ഗത്തെയും മതപ്രബോധകരെയും ഏറെ പ്രകോപിക്കുന്നതാണ് മുസ്ലിം സ്ത്രീകളുടെ തീരുമാനം.

© 2023 Live Kerala News. All Rights Reserved.