കൊളംബിയയില്‍ രണ്ടായിരത്തിലധികം ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ്; അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സിക്ക വൈറസ് പടര്‍ന്ന് പിടിക്കുമെന്ന് ലോകാരോഗ്യസംഘടന

ബൊഗോട്ട: കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതര്‍. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇതോടെ കൊളംബിയ. 150 ഗര്‍ഭിണികള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സിക്ക വൈറസ് അതിവേഗം പടരുമെന്ന് ലോഗാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ബ്രസീല്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്തിയതെന്ന് കൊളംബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുക് വഴി പടരുന്ന മറ്റ് രോഗങ്ങളായ ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ പടരാനുള്ള സാധ്യതയും രാജ്യത്തുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിക്ക പടരുന്നത് ആശങ്കയോടെയാണ് ലോകം കാണുന്നത്.