ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി; ശിവസേനയുടെ ഭീഷണിയെതുടര്‍ന്ന്

മുംബൈ: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ പരിപാടി വീണ്ടും റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെതുടര്‍ന്ന് വെളളിയാഴ്ച നടക്കുമെന്നറിയിച്ചിരുന്ന പരിപാടിയാണ് മാറ്റിയത്. പരിപാടിക്ക് വേണ്ടി ബുധനാഴ്ച രാത്രി തന്നെ ഗുലാം അലി മുംബൈയില്‍ എത്തിയിരുന്നു. മുംബൈ അന്തേരി ക്ലബിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സംവിധായകന്‍ ഷുഹൈബ് ഇല്ല്യാസി പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക ശിവസേനാ പ്രവര്‍ത്തകരും പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ടതായി പരിപാടിയുടെ സംഘാടകരിലൊരാളായ ഷുഹൈബ് ഇല്ല്യാസി അറിയിച്ചു.