മൊഴി നല്‍കിയശേഷം നൂറോളം പേര്‍ തന്നെ വിളിച്ചു; വെളിപ്പെടുത്തലിന് പിന്നില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ധമില്ല; കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം: തന്റെ മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ വ്യക്തമാക്കി. ഇന്നലെ മൊഴി നല്‍കിയതിന് ശേഷം നൂറോളം പേര്‍ തന്നെ ഫോണില്‍ വിളിച്ചു. സമ്മര്‍ദ്ധം ഉപയോഗിച്ച് മൊഴിമാറ്റാനാണ് നിര്‍ബന്ധിച്ചതെന്നും സരിത പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ധമല്ല വെളിപ്പെടുത്തലിന് പിന്നിലെന്നും സരിത പറഞ്ഞു. തനിക്കെതിരെ മൊഴി കൊടുക്കാന്‍ സിപിഎം സരിതയ്ക്ക് 10 കോടി നല്‍കിയതായി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ സരിത ആരുടെയും സമ്മര്‍ദ്ധമില്ലെന്ന് വ്യക്തമാക്കിയത്. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തു ലക്ഷം രൂപ നല്‍കി. ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് തോമസ് കുരുവിളയുടെ കൈയില്‍ പണം നല്‍കിയത്. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപയും കുരുവിളയ്ക്കു കൈമാറിയെന്നും സരിതയുടെ മൊഴിയിലുണ്ട്. 2011 ജൂണില്‍ സെക്രട്ടറിയറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രി അര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍പോയി 25 ലക്ഷം കോഴ കൊടുത്തുവെന്നും സരിത സോളാര്‍ കമ്മിഷനോട് പറയുകയുണ്ടായി. ആര്യാടന്റെ പി എ കേശവന്‍ രണ്ടു കോടി ആവശ്യപ്പെട്ടു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓര്‍മയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.