നവജാതശിശുക്കളുടെ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന സിക വൈറസ് യൂറോപ്പില്‍; ആശങ്കയോടെ ലോകരാജ്യങ്ങള്‍

റിയോ ഡി ജനീറോ: നവജാതശിശുക്കളുടെ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് സിക യൂറോപ്പില്‍ സ്ഥിരീകരിച്ചു. ബ്രസീലും യുഎസും കടന്ന് സിക വൈറസ് യൂറോപ്പിലേക്ക്. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച ഡെന്‍മാര്‍ക്കുകാരനായ യുവാവാണു യൂറോപ്പിലെ ആദ്യത്തെ സിക രോഗി. നെതര്‍ലന്‍ഡ്‌സില്‍ പത്തു പേര്‍ക്കും ബ്രിട്ടനില്‍ മൂന്നു പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെന്‍മാര്‍ക്കില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില ആശങ്കാജനകമല്ലെന്ന് ആര്‍ഹുസിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. പനിയും തലവേദനയും ശരീരവേദനയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

യുഎസിലെ പ്യൂട്ടോ റിക്കോയില്‍ 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഗര്‍ഭിണികളില്ല. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗം വ്യാപകമായി പടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. പ്രതിരോധമരുന്നിനുള്ള അടിയന്തര ഗവേഷണത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തു.

© 2024 Live Kerala News. All Rights Reserved.