സോളര്‍ കേസ്; സരിത കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ; ആരോപണം നിക്ഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ സോളര്‍ കമ്മിഷനു മുന്നില്‍ നടത്തിയ മൊഴി നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിത തനിക്ക് കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ അത് ആരെങ്കിലും വിശ്വസിക്കുമോ? മാത്രമല്ല, ഇത്രയും പണം നല്‍കിയെങ്കില്‍ അതിലൂടെ അവര്‍ എന്തു നേടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കിയ ചെക്കുപോലും മടങ്ങിപ്പോകുകയായിരുന്നു.

സരിതയ്ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. 1.90 കോടി രൂപ തന്നവര്‍ക്ക് തന്റെ ലെറ്റര്‍ പാഡുപോലും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സരിത തനിക്ക് പണം നല്‍കിയെന്ന ആരോപണം മന്ത്രി ആര്യാടന്‍ മുഹമ്മദും നിഷേധിച്ചു. സരിത വന്നുകണ്ട് ഒന്നുരണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് അപ്പോള്‍ത്തന്നെ തള്ളുകയും ചെയ്തു. അതല്ലാതെ സരിതയുമായി യാതൊരു ബന്ധവുമില്ലെന്നും ആര്യാടന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്നാണ് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ മൊഴിനല്‍കിയത്. മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തു ലക്ഷം രൂപ നല്‍കി. ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് തോമസ് കുരുവിളയുടെ കൈയ്യില്‍ പണം നല്‍കിയത്. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപയും കുരുവിളയ്ക്ക് കൈമാറിയെന്നും സരിത കമ്മിഷനോട് പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.