ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളൊന്നും ഫലിച്ചില്ല; കെ ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഇന്ന് ഗവണര്‍ക്ക് കൈമാറും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രി കെ ബാബു രാജി നല്‍കിയിട്ട് ഇന്ന് നാലു ദിവസം പൂര്‍ത്തിയാകവെയാണ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുന്നത്. വിജിലന്‍സ് കോടതി നടപടിക്കെതിരെ കെ.ബാബു നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിനുശേഷമാകട്ടെ രാജിക്കാര്യത്തില്‍ തീരുമാനം എന്നതായിരുന്നു ധാരണ. കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശമുണ്ടായാലും മന്ത്രിസഭയിലേക്ക് തിരികെയില്ല എന്നതാണ് ബാബു പറയുന്നത്്. അദ്ദേഹമിന്ന് തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്.

എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല നടപടിയോ പരാമര്‍ശമോ വന്നാല്‍ രാജി പിന്‍വലിക്കാന്‍ പേരിനെങ്കിലും സമ്മര്‍ദ്ദം ഉണ്ടായേക്കും. കോടതി തീരുമാനവും ഇന്നത്തെ മന്ത്രിസഭായോഗവും കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. കെ.ബാബുവിന്റെ രാജിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നത്തേത്. ഔദ്യോഗികവസതി ഒഴിയാന്‍ തയാറെടുപ്പ് തുടങ്ങിയ കെ.ബാബു എംഎല്‍എ ഹോസ്റ്റലില്‍ ഫ്‌ലാറ്റിന് അപേക്ഷ നല്‍കിയത് മുന്നോട്ടുള്ള നീക്കങ്ങളുടെ വ്യക്തമായ സൂചനയായി. പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഓഫീസ് ഒഴിയാനും തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ ഇന്നു തിരുവനന്തപുരത്ത് അദ്ദേഹത്തിന് യാത്രയയപ്പും ഒരുക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.