പതിനേഴാം തവണയും കലാകിരീടം മധുരത്തരങ്ങളുടെ നാട്ടിലേക്ക്; കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട്; രണ്ടാം സ്ഥാനത്ത് പാലക്കാട്

തിരുവനന്തപുരം: പാലക്കാടന്‍ കാറ്റില്‍ കരിമ്പനകളുടെ സീല്‍ക്കാരമുയര്‍ന്നപ്പോഴും മധുരത്തരങ്ങളുടെ നാട്ടില്‍, സാമൂതിരിയുടെ തട്ടകത്തില്‍തന്നെ 17മതും കലാകരീടം വിരുന്നെത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനിത് തുടര്‍ച്ചയായ 17ാം ജയം. കഴിഞ്ഞ തവണ കോഴിക്കോട്ടു നടന്ന സംസ്ഥാന കലോത്സവത്തില്‍ പാലക്കാടുമായി കപ്പ് പങ്കിടേണ്ടി വന്നെങ്കില്‍ ഇത്തവണ സ്വന്തമായി അവര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 919 പോയിന്റുകളാണ് കോഴിക്കോട് നേടിയത്. കഴിഞ്ഞതവണ കിരീടം പങ്കിട്ട പാലക്കാട് 912 പോയിന്റുകളോടെ രണ്ടാമതെത്തി. 908 പോയിന്റു നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം. മലപ്പുറം, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളാണ് യഥാക്രമം നാലുമുതല്‍ ഏഴു സ്ഥാനങ്ങളില്‍. കാസര്‍ഗോഡ് എട്ടാംസ്ഥാനവും ആതിഥേയരായ തിരുവനന്തപുരം 9ാം സ്ഥാനവും നേടി. 747 പോയിന്റുകള്‍ നേടിയ ഇടുക്കിയാണ് ഏറ്റവും പിന്നില്‍. 232 ഇനങ്ങളിലാണ് മത്സരം നടന്നത്. മൊത്തം പന്തീരായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. ചില അപ്പീലുകളിന്‍മേല്‍ തീര്‍പ്പ് വരാനുണ്ട്. എങ്കിലും അന്തിമഫലത്തില്‍ മാറ്റം വരാനിടയില്ല.

vvvhhh

1959 ല്‍ ചിറ്റൂരില്‍ നടന്ന മൂന്നാം സ്‌കൂള്‍ കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി വിജയം നേടിയത്. പിന്നീട് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 1991ല്‍ കാസര്‍ഗോഡ് നടന്ന കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടി. 92 ല്‍ തിരൂരിലും 93ല്‍ തൃശൂരിലും വിജയം ആവര്‍ത്തിച്ച് ആദ്യ ഹാട്രിക് നേട്ടവും അവര്‍ സ്വന്തമാക്കി. 2001, 2002, 2004, വര്‍ഷങ്ങളിലും അവര്‍ വിജയം ആവര്‍ത്തിച്ചു. 2007ല്‍ കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ തുടങ്ങി അവര്‍ പരാജയമറിഞ്ഞിട്ടില്ല. 2010ല്‍ കോഴിക്കോട് നടന്ന സുവര്‍ണ്ണജൂബിലി കേരള സ്‌കൂള്‍ കലോത്സവത്തിലും കിരീടം കോഴിക്കോടിനൊപ്പമായിരുന്നു. 2011ല്‍ കോട്ടയത്തെ അക്ഷരനഗരിയില്‍ വിജയം എഴുതിച്ചേര്‍ത്ത കോഴിക്കോട് 2012ല്‍ പൂരനഗരിയായ തൃശൂരിലെ മേളയിലും വിജയം ആവര്‍ത്തിച്ചു. മലപ്പുറത്ത് നടന്ന 53ാം കലോത്സവത്തിലാണ് കോഴിക്കോട് 14ാം വിജയം നേടുന്നത്. പാലക്കാട് നടന്ന 54ാം കലോത്സവത്തിലും അവര്‍ തന്നെ വിജയം വരിച്ചു. കഴിഞ്ഞതവണ ആതിഥേയത്വം വഹിച്ചപ്പോള്‍ വിജയം പാലക്കാടുമായി പങ്കിടേണ്ടിവന്നെങ്കിലും കോഴിക്കോട് ആധിപത്യം നിലനിര്‍ത്തി. മാന്വല്‍പരിഷ്‌കരണത്തിനു ശേഷം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ഒന്നിച്ച് അണിനിരന്ന ശേഷം നടന്ന എല്ലാ കലാമേളകളിലും കുഞ്ഞാലിമരക്കാരുടെ പടയാളികള്‍ അശ്വമേധം തുടര്‍ന്നു.

© 2024 Live Kerala News. All Rights Reserved.