ഡല്‍ഹിയില്‍ സൈനിക ചിഹ്നം പതിച്ച കാര്‍ മോഷണം പോയി; കനത്ത സുരക്ഷയില്‍ രാജ്യം; സംശയംതോന്നുവരെ കസ്റ്റഡയിലെടുക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനിക ചിഹ്നം പതിച്ച കാറാണ് മോഷണം പോയത്. റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സൈനിക ആശുപത്രിയിലെ ഒരു ഡോക്ടറുടെ വെള്ള സാന്‍ട്രോ കാറാണ് തട്ടിക്കൊണ്ടു പോയത്. ആശുപത്രിയുടെ ചിഹ്നം പതിച്ച ഹരിയാന രജിസ്‌ട്രേഷന്‍ കാര്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാണാതായതെന്ന് കാറിന്റെ ഉടമസ്ഥന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പത്താന്‍കോട് ഭീകരാക്രമണത്തിനുശേഷം റിപ്പബഌക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്താന്‍കോട്ടില്‍ നിന്നും കഴിഞ്ഞദിവസം വാടകയ്ക്ക് ഓട്ടംപോയ ടാക്‌സിയുടെ ഡ്രൈവര്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹിമാചല്‍പ്രദേശില്‍ നിന്നാണ് ഡ്രൈവര്‍ വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് പത്താന്‍കോട്ടില്‍ നിന്ന് വെള്ള ആള്‍ട്ടോ കാര്‍ മൂന്ന് പേര്‍ വാടകയ്ക്ക് എടുത്തത്. ഇതുമായി ഭീകരര്‍ കടന്നുകളഞ്ഞിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ച ഡെല്‍ഹിയില്‍ വച്ച് ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിന്റെ നീല ബീക്കണ്‍ ഘടിപ്പിച്ച കാര്‍ കാണാതായിരുന്നു. തുടര്‍ന്ന് അതീവ സുരക്ഷയാണ് ഡെല്‍ഹിയിലും പരിസരത്തും സുരക്ഷാസേന ഒരുക്കിയിരിക്കുന്നത്. കാറിന് വേണ്ടിയുള്ള തെരച്ചില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിക്കുന്നതിന്റെ തലേ ദിവസം ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ നീല ബീക്കണ്‍ ഘടിപ്പിച്ച കാര്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ആ കാര്‍ ഉപയോഗിച്ചാണ് സുരക്ഷാ പരിശോധന കൂടാതെ തീവ്രവാദികള്‍ വ്യോമസേനാകേന്ദ്രത്തില്‍ എത്തിയത്.

© 2024 Live Kerala News. All Rights Reserved.