ഇരുചക്ര വാഹനങ്ങള്‍ക്ക് പിടിവീഴുന്നു; അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: നിരത്തുകളില്‍ ചിറിപായുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. ഈ ആഴ്ച്ചയില്‍ തന്നെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി പുറത്തു വന്നേക്കും. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ 80 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. പെട്രോള്‍ കാറുകള്‍ പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിനെക്കാള്‍ നാല് മുതല്‍ അഞ്ച് മടങ്ങ് വരെ അധികമാണ് ഇരുചക്ര വാഹനങ്ങള്‍ പുറംതള്ളുന്നത്. അന്തരീക്ഷമലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകുന്ന തരത്തില്‍ എമിഷന്‍ നോംസ് (വാതക പുറംതള്ളല്‍ നിയന്ത്രിക്കാനുള്ള നയം) പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ബിഎസ് സിക്‌സ് സ്റ്റാന്‍ഡേര്‍ഡില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമാകും സര്‍ക്കാര്‍ പുറപ്പെടുവിക്കുക. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുമ്പോള്‍ ഈ മാദണ്ഡം പാലിക്കണമെന്ന് സര്‍ക്കാര്‍ വാഹനനിര്‍മ്മാതാക്കളോട് നിഷ്‌കര്‍ഷിക്കും. ഇരുചക്ര മുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇത്രയും കാലം കാര്യമായ പ്രതിബന്ധങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.