ഇനി വിരല്‍തുമ്പിന്റെ അകലത്തില്‍ പ്രധാനമന്ത്രി.. നരേന്ദ്രമോദി മൊബൈല്‍ ആപ്പ് പുറത്തിറങ്ങി.

ന്യൂഡല്‍ഹി: ജനങ്ങളും പ്രധാനമന്ത്രിയുമായുളള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നരേന്ദ്രമോദി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് സന്ദേശങ്ങളും ഇ മെയിലുകളും സ്വീകരിക്കാനുള്ള സംവിധാനവും വിവരങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ഉണ്ട്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് പുതിയ സംവിധാനം പുറത്തിറങ്ങിയ വാര്‍ത്ത അറിയിച്ചത്.

സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അറിയാനുളള സംവിധാനം, ആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കുവെയ്ക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനുമുള്ള സംവിധാനം തുടങ്ങിയവയാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. യുവാക്കളെ ലക്ഷ്യമിട്ടാണ് ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെയ്ക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാടിന്റെ വികസനത്തിന് ഗുണകരമായ നല്ല ആശയങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം.

nm4.in/nmandroidapp എന്ന അഡ്രസില്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. പ്രധാനമന്ത്രിയുടെ ബ്ലോഗുകള്‍ നേരിട്ട് വായിക്കാനും ആപ്ലിക്കേഷന്‍ വഴിയൊരുക്കും. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും ഭരണ നേട്ടങ്ങളും ആപ്ലിക്കേഷന്റെ ഉപയോഗത്തിലൂടെ വേഗത്തില്‍ അറിയാന്‍ കഴിയും. മന്‍ കി ബാത് ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിയുടെ പരിപാടികളും ആപ്ലിക്കേഷന്‍ വഴി ശ്രവിക്കാനാകും.

ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ആശയ വിനിമയ മാര്‍ഗങ്ങളിലൂടെ ജനങ്ങളുമായി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ആപ്ലിക്കേഷനെക്കുറിച്ചുള്ള അഭിപ്രായവും ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.