മാധ്യമപ്രവര്‍ത്തകന്‍ അനൂപ് കെ ആറിന്റെ കവിത പ്രകാശനം ചെയ്തു; ‘സെവിഡൊഡെസ്‌മോര്‍’ പറയുന്നത് പുറപ്പെട്ടുപോകുന്നവരുടെയും വരുന്നവരുടെയും ജീവിതം

തൃശൂര്‍: കൈരളി-പീപ്പിള്‍ വയനാട് റിപ്പോര്‍ട്ടറും കവിയുമായ അനൂപ് കെ ആറിന്റെ കവിത സമാഹാരമായ ‘സെവിഡൊഡെസ്‌മോര്‍’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കവി അന്‍വര്‍ അലിയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം ചെയ്തു. ചിത്രകാരന്‍കൂടിയായ അനൂപിന്റെ കവിതകള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യെട്ടതാണ്. ‘ഉപേക്ഷിച്ചുപോകാനുള്ള/ ഇറങ്ങിപ്പോകാനുള്ള വെമ്പലിനും തിരിച്ചുവരാനുള്ള/ കയറിവരാനുള്ള വെമ്പലിനും ഇടയിലുള്ള അസംബന്ധജഡിലമായ അങ്കലാപ്പുകളാണ് അനൂപിന്റെ കവിത. ചുരമിറങ്ങി രക്ഷപ്പെടാനും എന്നാല്‍ ചുരമിറങ്ങിക്കഴിയുമ്പോള്‍ മടങ്ങിച്ചെന്ന് കുടികിടക്കാനുമുള്ള ഒരു തനി വയനാടന്‍ അങ്കലാപ്പാണ് അനൂപിന്റെ കവിതകള്‍ ഒട്ടുമിക്കതും. നാടുവിടല്‍, പുറപ്പെട്ടുപോകല്‍ ഒക്കെ വയനാടിന്റെ കുടിയേറ്റജീവിതത്തെ ഓര്‍മിപ്പിക്കുന്നു. മിക്കവാറും കവിതകളിലും വീടുവിടല്‍, നാടുവിടല്‍, മടങ്ങിവരല്‍, അരികില്‍ വന്നിരിക്കല്‍, ഇറങ്ങിപ്പോകല്‍, വിരുന്നു വരല്‍, ഒറ്റപ്പെട്ടിരിക്കല്‍ അങ്ങനെയുള്ള വാക്കുകള്‍ ആവര്‍ത്തിച്ചവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത് കാണാം. മനപൂര്‍വമുള്ള വ്യാകരണപ്പിശകുകളിലൂടെ വരികള്‍ക്കിടയില്‍ കുടിപാര്‍ക്കാന്‍ വരുന്ന ഇത്തരം വാക്കുകളാണ് അനൂപിന്റെ കവിതയിലെ സൌന്ദര്യം.’ ഫ്രീഡം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 220 രൂപയാണ് വില.