കല്‍പറ്റ: ജാനകി ഇനി ഒറ്റയ്ക്കല്ല. ആദിവാസി സമരനായിക സി.കെ ജാനുവിനെ അവള്‍ ഇനി അമ്മേയെന്ന് വിളിക്കും. സമരത്തിന്റെ തീച്ചുളയില്‍ വേവുന്ന ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനുവിന് തെളിനീരായി ഇനി ജാനകിയെന്ന മൂന്നു വയസ്സുകാരിയുണ്ടാകും. ഛത്തീസ്ഗഡ് അനാഥാലയത്തില്‍ നിന്നാണ് ജാനകിയെ സി കെ ജാനു ഒപ്പം കൂട്ടിയത്. ഏറെക്കാലമായി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ജാനു ആഗ്രഹിച്ചിരുന്നു. ശ്രമവും തുടര്‍ന്നു. പെണ്‍കുഞ്ഞ് മതിയെന്നായിരുന്നു തീരുമാനം. അവള്‍ തന്നെ അമ്മയെന്നു വിളിക്കണമെന്നും സമരമുഖങ്ങളിലും ജീവിതത്തിലും തണലായി ഉണ്ടാകണമെന്നും ജാനു ഏതൊരമ്മയെയുംപോലെ ആഗ്രഹിക്കുന്നു. ഛത്തീസ്ഗഡിലെ സേവാഭാരത് എന്ന അനാഥാലയത്തില്‍ ഒരു കുഞ്ഞ് ലഭ്യമാണെന്നു വിവരം കിട്ടിയത് ഏതാനും ആഴ്ചകള്‍ മുന്‍പ്. അവിടെപ്പോയി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കുട്ടിയെ നിയമപരമായി ദത്തെടുത്ത ശേഷം വയനാട്ടിലെ പനവല്ലിയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടു മൂന്നു ദിവസം മാത്രമേ ആയുള്ളു. വീട്ടിലെത്തിയ ഉടന്‍ അവളെ അമ്മയെന്നു വിളിക്കാന്‍ പഠിപ്പിച്ചു. ജാനകിയെന്നു പേരുമിട്ടു. അറിയാവുന്ന മുറി ഹിന്ദിയൊക്കെ പറഞ്ഞ് മോളുടെ കൂടെ സന്തോഷത്തോടെ പനവല്ലിയിലെ വീട്ടില്‍ ജാനു കഴിയുന്നു. ഇനി സമരകേന്ദ്രങ്ങളിലും കോളനിസന്ദര്‍ശനങ്ങളിലുമൊക്കെ സി കെ ജാനുവിനൊപ്പം ജാനകിക്കുട്ടിയും ഉണ്ടാകും.