ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിക്കാന്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ ഭീകരര്‍ക്ക് പഞ്ചാബില്‍ നിന്ന് സഹായം ലഭിച്ചതായി എന്‍ഐഎ കണ്ടത്തി. ഇന്ത്യയിലെത്തിയശേഷമാണു സൈനിക യൂണിഫോമും വാക്കി ടോക്കികളും ലഭിച്ചത്. മാത്രമല്ല, എസ് പി സല്‍വീന്ദര്‍ സിംഗ് വാഹനത്തില്‍ ഭീകരര്‍ക്ക് വഴികാട്ടാന്‍ സഹായിച്ച വിധത്തില്‍ പത്താന്‍കോട്ടിന്റെ ഭൂപടം കണ്ടതും എന്‍ഐഎ അന്വേഷിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നതു പാക്കിസ്ഥാനില്‍നിന്നെത്തിയ സംഘത്തിന് പഞ്ചാബില്‍നിന്നു തദ്ദേശീയമായി സഹായം ലഭിച്ചു എന്നുതന്നെയാണ്. ആദ്യം ഇവര്‍ വാടകയ്‌ക്കെടുത്ത ഇന്നോവയുടെ ഡ്രൈവര്‍ ഇകാഖര്‍ സിങ്ങിനെ കൊലപ്പെടുത്തേണ്ടിവന്നതു ഭീകരരെ തിരിച്ചറിഞ്ഞതു കാരണമാകാം എന്നും സംശയിക്കുന്നു.
ആറു ഭീകരരില്‍ രണ്ടുപേര്‍ നേരത്തേ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കടന്നു എന്നാണു വ്യക്തമാകുന്നത്. ഇവര്‍ക്കു വ്യോമസേനാ താവളത്തിനുള്ളില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചുവോ എന്ന് എന്‍ഐഎ പരിശോധിച്ചുവരികയാണ്. എന്‍ഐഎ, മൂന്നു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളാണു ഫയല്‍ ചെയ്തിരിക്കുന്നത്. ഒന്ന്: ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെയും സുഹൃത്ത് രാജേഷ് വര്‍മയെയും പാചകക്കാരന്‍ മദന്‍ ഗോപാലിനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന കേസ്. എന്തൊക്കെ ആയുധങ്ങളായിരുന്നു ഇവര്‍ കരുതിയിരുന്നത്? എസ്പി സല്‍വീന്ദര്‍ സിങ്ങിനെയും മഹീന്ദ്രാ എക്‌സ് യുവി വാഹനവും തട്ടിയെടുത്തതാണോ, അതോ ഇവരുമായി എസ്പിക്കു ധാരണ ഉണ്ടായിരുന്നുവോ? ഈ വാഹനത്തില്‍ എങ്ങനെ പത്താന്‍കോട്ടിന്റെ ഭൂപടം വന്നു? എസ്പിയും സംഘവും 9.30നു ദര്‍ഗയില്‍നിന്നു പോയശേഷം തട്ടിയെടുക്കുന്നതുവരെയുള്ള മൂന്നു മണിക്കൂര്‍ എവിടെയായിരുന്നു? തീവ്രവാദികള്‍ പഞ്ചാബിലെത്തി എന്ന സന്ദേശം ലഭിച്ചശേഷവും പഞ്ചാബ് പൊലീസ് ജാഗ്രത പുലര്‍ത്താതെ ഉദാസീനത കാണിച്ചുവോ? ഇങ്ങനെയുള്ള അന്വേഷണങ്ങളാണ് എന്‍ഐഎ നടത്തുന്നത്. പ്രാദേശിക സഹായം കൃത്യമായി ഭീകരര്‍ക്ക് ലഭിച്ചെന്ന് തന്നെയാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം.