കണ്ണൂര്‍: മതേതര യോഗ ജനകീയമാക്കാന്‍ സിപിഎം തീരുമാനിച്ചു. താഴെത്തട്ടിലേക്ക് യോഗ വ്യാപിപ്പിച്ച് പൊതുജനാരോഗ്യരംഗത്ത് മുന്നേറാനാണ് സിപിഎം ആലോചിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ അക്കാദമിയിലൂടെയാണ് ഓരോ ജില്ലകളിലും 100 യോഗ ക്ലാസുകള്‍ വീതം തുടങ്ങുവാന്‍ പദ്ധതി തയ്യാറാക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യോഗ ക്ലാസുകള്‍ നടത്തുന്ന കണ്ണൂര്‍ തന്നെയായിരിക്കും പരിശീലനത്തിന്റെയും കേന്ദ്രം. കണ്ണൂരില്‍ നാല്‍പ്പത് കേന്ദ്രങ്ങളില്‍ സിപിഎം നിലവില്‍ യോഗ പരിശീലിപ്പിക്കുന്നുണ്ട്.മലപ്പുറത്താണ് ഏറ്റവും കുറവ്. രണ്ടു യോഗ കേന്ദ്രങ്ങള്‍ മാത്രമെ മലപ്പുറം ജില്ലയിലുളളു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ആയിരംപേരുടെ പ്രദര്‍ശന പരിപാടി വിലയിരുത്താനും, നേരത്തെ പരിശീലനം നേടിയവര്‍ക്ക് തുടര്‍ പരിശീലനം നല്‍കുന്നതിനുമായി പ്രധാന പ്രവര്‍ത്തകര്‍ ഈ മാസം ഒത്തുചേരുന്നുണ്ട്. നിലവില്‍ വിവിധ ജില്ലകളിലായി നടക്കുന്ന ക്ലാസുകളില്‍ ജില്ലാഏരിയ നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. മലപ്പുറം ഒഴികെ ബാക്കിയുളള എല്ലാ ജില്ലകളിലും ഏറ്റവും കുറഞ്ഞത് 20 ക്ലാസുകള്‍ വീതമെങ്കിലും നടക്കുന്നുണ്ട്. ഇത് വര്‍ധിപ്പിച്ച് നൂറാക്കുവാനാണ് സിപിഎം ശ്രമം. കൂടാതെ യോഗ തുടര്‍പഠനത്തിനായി സിലബസ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. മതേതര യോഗ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം.