ഷാര്‍ജ: വഴിയില്‍ നിന്ന് വീണുകിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ പൊലീസില്‍ ഏല്‍പ്പിച്ച് മലയാളി യുവാവ് ഷാര്‍ജ പോലീസിന്റെ പ്രശംസപിടിച്ചുപറ്റി. കണ്ണൂര്‍ പാനൂര്‍ സ്വദേശി എ.വി. ആസിഫാണ് കളഞ്ഞുകിട്ടിയ തുക തിരിച്ചേല്‍പിച്ചത്.
സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് പോയതായിരുന്ന ആസിഫ്. വരുന്ന വഴിക്ക് പാതവക്കില്‍ കിടക്കുന്ന പഴ്‌സ് കണ്ടു. തുറന്ന് നോക്കിയപ്പോള്‍ അതിനകത്ത് പണമാണെന്ന് മനസിലായി. ഉടനെ തന്നെ സ്ഥാപനത്തിലെ മാനേജര്‍ പാനൂര്‍ മുനീറിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഇരുവരും അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനിലെത്തി പഴ്‌സ് ഏല്‍പ്പിക്കുകയായിരുന്നു. അല്‍ വാസിത്തിലെ പൊലീസ് ആസ്ഥാനത്ത് ആസിഫിനെ വിളിച്ച് വരുത്തി പ്രശസ്തി പത്രവും സമ്മാനവും നല്‍കുകയും ചെയ്തു