സൗദിയിലെ തൊഴിലാവകാശങ്ങളെക്കുറിച്ച് ഇനി മൊബൈല്‍ ഫോണിലുടെ അറിയാം; സൗദി ടെലികോം കമ്പനിയുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദിയിലെ തൊഴിലാവകാശങ്ങളെക്കുറിച്ച് ഇനി മൊബൈല്‍ ഫോണുകളില്‍ വിവിധ ഭാഷകളിലുടെ അറിയിക്കുന്നതിനായി സൗദി ടെലികോം കമ്പനിയുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു.സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായാണ് കരാറില്‍ ഒപ്പുവെച്ചത്.
തൊഴില്‍ മന്ത്രാലയത്തിലെ കസ്റ്റമര്‍ സര്‍വീസ്, ലേബര്‍ റിലേഷന്‍സ് അണ്ടണ്‍ര്‍ സെക്രട്ടറി സിയാദ് അല്‍സായിഗും സൗദി ടെലികോം സി.ഇ.ഒ ഡോ. ഖാലിദ് അല്‍ബയാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. തൊഴില്‍ നിയമങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, ബാധ്യതകള്‍ എന്നിവ സൗദി ടെലികോം തൊഴിലാളികളെ മൊബൈല്‍ ഫോണില്‍ അറിയിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ സന്ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിവിധ ഭാഷകളില്‍ വിദേശ തൊഴിലാളികളിലെത്തിക്കുന്നതിനും കരാര്‍ ഉപകരിക്കും.
തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ കുറക്കുന്നതിന് പുതിയ കരാര്‍ സഹായിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. മന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും തൊഴിലാളികള്‍ക്ക് ലഭക്കും. രാജ്യത്ത് മികച്ച നിലയില്‍ ജോലി ചെയ്യുന്നതിനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ബോധവല്‍ക്കരണ പദ്ധതി ഫലം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.