ക്രൈസ്തവസഭയും എസ്.എന്‍.ഡി.പി. യോഗവുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി

കണിച്ചുകുളങ്ങര: മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് ക്രൈസ്തവസഭയും എസ്.എന്‍.ഡി.പി.യോഗവുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞു തീർത്തു .

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയാണ് പ്രശ്‌ന പരിഹാരംഉണ്ടാക്കിയത് . ഇരുസമുദായങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ബിഷപ്പ് മാത്യു അറയ്ക്കല്‍ തിങ്കളാഴ്ച വൈകിട്ട് ഏഴോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തി. ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരുവരും ചര്‍ച്ച നടത്തി. ക്രൈസ്തവസഭയും ഈഴവസമുദായവും തമ്മിലുള്ള സ്‌നേഹത്തിന്റെ അന്തരീക്ഷം നിലനില്‍ക്കണമെന്ന് ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. മനഃപൂര്‍വമല്ലാത്ത പ്രസ്താവനയുടെ പേരില്‍ ഇരുസമുദായത്തിന്റെയും സ്‌നേഹത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടരുത്. വെള്ളാപ്പള്ളി നടേശനോടും സമുദായ അംഗങ്ങളോടും സ്‌നേഹവും ബഹുമാനവുമാണ് ഉള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു .

പ്രസ്താവന ഇറക്കിയ ആളുകളുടെ പ്രായം പരിഗണിച്ച് എല്ലാം മറക്കുകയാണെന്ന് അദ്ദേഹം മനഃപൂര്‍വം പറഞ്ഞതല്ലെന്നും മനസ്സിലായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി.യോഗവും യൂത്ത് മൂവ്‌മെന്റും നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും നിര്‍ത്തിവയ്ക്കാന്‍ വെള്ളാപ്പള്ളി നിര്‍ദേശിച്ചു. ഇരുസമുദായങ്ങള്‍ക്കും ഉണ്ടായ വിഷയങ്ങള്‍ പരസ്പരം മറന്ന് സഹോദരസ്‌നേഹത്തോടെ പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.