സിസ്‌റ്റര്‍ അഭയ കൊലക്കേസിന്റെ തെളിവു നശിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി

കൊച്ചി:സിസ്‌റ്റര്‍ അഭയ കൊലക്കേസിന്റെ തെളിവു നശിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി സിബിഐ.റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഈ മാസം 30 വരെ സമയം അനുവദിക്കണമെന്ന്‌ സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട്‌ ഉന്നത ഉദ്യോഗസ്‌ഥരുടെ പരിഗണനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി .
അഭയ കേസിലെ പ്രധാന തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്‌ഥര്‍ നശിപ്പിച്ചുവെന്ന്‌ കാട്ടികൊണ്ട് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത് . അഭയയുടെ ശിരോവസ്‌ത്രം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌പി കെടി മൈക്കിളിന്റെ അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരുടെ പങ്ക്‌ അന്വേഷിക്കാനായിരുന്നുകോടതി നിര്‍ദ്ദേശം .
1992 മാര്‍ച്ച്‌ 27ന്‌ പുലര്‍ച്ചെയാണ്‌ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ സിസ്‌റ്റര്‍ അഭയ കൊല്ലപ്പെടുന്നത്‌. ബിസിഎം കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളയ്‌ക്ക് സമീപത്തെ കിണറ്റില്‍ നിന്നാണ്‌ കണ്ടെടുത്തത്‌. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്‌ സിബിഐയ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു .