പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന; ‘പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ വിലമതിക്കാനാകാത്തത്’

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന ലോക്‌സഭയില്‍. പശുവില്‍ നിന്നുള്ള നേട്ടങ്ങളെക്കുറിച്ചും ശിവസേന എംപി ലോക്‌സഭയില്‍ സംസാരിച്ചു. പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ വിലമതിക്കാനാകാത്തതാണെന്നും ശിവസേന എംപി ചന്ദ്രകാന്ത് ഖൈറെ ശൂന്യവേളയില്‍ പറഞ്ഞു.

പശുവിനെ ‘രാഷ്ട്രമാതാ’വായി പ്രഖ്യാപിക്കാന്‍ ‘മദര്‍ ഇന്ത്യ’ പ്രചാരണവുമായി ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ്  നേരത്തെ രംഗത്തെത്തിയിരുന്നു. അംഗത്വം നല്‍കാന്‍ ബി.ജെ.പി. വിജയകരമായി നടപ്പാക്കിയ മിസ്ഡ് കോള്‍ തന്ത്രം തന്നെ ഇക്കാര്യത്തിലും നടപ്പാക്കാനായിരുന്നു തീരുമാനം.

ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനി മദര്‍ ഇന്ത്യ പ്രചാരണത്തിന് തുടക്കമിട്ട് അലിഗഢില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ടെലിഫോണ്‍ നമ്പറും പുറത്തിറക്കിയിരുന്നു. തീരുമാനത്തെ അനുകൂലിക്കുന്നവര്‍ 07533007511 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്

അതിനിടെ, രാഷ്ട്രീയരംഗത്തും സാംസ്‌ക്കാരിക രംഗത്തും നിറഞ്ഞു നിന്നവരെയെല്ലാം പിന്തള്ളി പശുവിനെ പേഴ്‌സണാലിറ്റി ഓഫ് ദ ഇയറായി യാഹു തെരഞ്ഞടുത്തു. സോഷ്യല്‍ മീഡിയയിലെയും ഇന്റര്‍നെറ്റ് തിരച്ചിലിന്റെയും കണക്കുകള്‍ പരിശോധിച്ചാണ് പശുവിനെ യാഹു തെരഞ്ഞെടുത്തത്. ഈ വര്‍ഷം രാജ്യത്ത് നടന്ന പ്രധാനപ്പെട്ട ചര്‍ച്ചകളും സംഭവങ്ങളും പശുവിനെ കേന്ദ്രീകരിച്ചായിരുന്നു. ബീഫ് വിവാദവും ഗോവധവും വലിയ രാഷ്ട്രീയ ചര്‍ച്ചയായതോടെയാണ് പശുവിനെ ജനങ്ങള്‍ നെറ്റില്‍ തിരഞ്ഞത്.

© 2024 Live Kerala News. All Rights Reserved.