അരുണ്‍ ജയ്റ്റ്‌ലി നപുംസകമെന്ന് കീര്‍ത്തി ആസാദ്; ഡിഡിസിഎ അഴിമതിക്കേസിലെ ആരോപണ-പ്രത്യാരോപണങ്ങള്‍ ബിജെപിയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡിഡിസിഎ അഴിമതിയമായി ബന്ധപ്പെട്ട് ആരോാപണ പ്രത്യാരോപണങ്ങള്‍ വ്യാകമായതോടെ ബിജെപി വെട്ടിലായി. വിവാദത്തിന് പുതിയ മാനം നല്‍കി അരുണ്‍ ജെയ്റ്റിലയെ നപുംസകമെന്ന് വിശേഷിപ്പിച്ച് കീര്‍ത്തി ആസാദ് ട്വീറ്റ് ചെയ്തു. ‘പ്രിയപ്പെട്ട ജെയ്റ്റ്‌ലി ഞാന്‍ നപുംസകങ്ങളെ പേടിക്കാറില്ല’ എന്നായിരുന്നു കീര്‍ത്തിയുടെ തിങ്കളാഴ്ച രാത്രിയിലെ ട്വീറ്റ്. ജീവന് ഭീഷണിയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും ആവശ്യപ്പെട്ട് പല ഏജന്‍സികളും തനിക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് ചര്‍ച്ചയായതോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ജെയ്റ്റ്‌ലിയെ നപുംസകമെന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് തന്റേതല്ലെന്നുമുള്ള വിശദീകരണവുമായി കീര്‍ത്തി ആസാദ് രംഗത്തുവന്നു. അതിനിടെ ജെയ്റ്റ്‌ലിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് പോകുന്ന കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബി.ജെ.പി തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ അവസാനിച്ചാലുടന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കീര്‍ത്തിയെ സസ്‌പെന്‍ഡ് ചെയ്യാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. മുതിര്‍ന്ന നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പാര്‍ട്ടി എംപി കീര്‍ത്തി ആസാദിന്റെ പരസ്യമായ കലാപം ബിജെപിക്ക് തലവേദനയായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്. ആസാദിന് പിന്നില്‍ ബിജെപിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളാണെന്ന സംശയം ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങള്‍. പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ വിലക്കിയിട്ടും ജെയ്റ്റ്‌ലിക്കെതിരെയുള്ള ആരോപണങ്ങളടങ്ങുന്ന പത്രസമ്മേളനവുമായി ആസാദ് മുന്നോട്ടുപോയത് ഈ നേതാക്കളുടെ ആശിര്‍വാദത്തോടെയാണെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ അധ്യക്ഷനും ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കെതിരെ പുര്‍ത്തി കമ്പനിയിലെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നത് അരുണ്‍ ജെയ്റ്റ്‌ലിയാണെന്ന ആരോപണം നേരത്തെതന്നെ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കീര്‍ത്തി ആസാദിന് പിന്നില്‍ പാര്‍ട്ടിയിലെത്തന്നെ ഉന്നതരുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായത്.

© 2024 Live Kerala News. All Rights Reserved.