എംഎസ്എഫ് ഒരു വിദ്യാര്‍ഥി സംഘടനയാണോ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അതിക്രമത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി; എംഎസ്എഫ് അവതരിപ്പിച്ച പ്രമേയം സെനറ്റ് പാസാക്കി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അതിക്രമത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് അവതരിപ്പിച്ച പ്രമേയം യൂണിവേഴ്‌സിറ്റി സെനറ്റ് പാസാക്കി. പരാതി നല്‍കിയെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതി യൂണിവേഴ്‌സിറ്റിയുടെ സല്‍പ്പേരിനു കളങ്കമായെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. പരാതിയില്‍ ഒപ്പിട്ട വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും എംഎസ്എഫ് ആരോപിക്കുന്നു. സെനറ്റ് യോഗം തുടങ്ങിയപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയാണ് ആദ്യം പ്രമേയം കൊണ്ടു വന്നത്. എന്നാല്‍, ഇത് വോട്ടിനിട്ട് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് കെഎസ്‌യു നല്‍കിയ പ്രമേയം സമയം കഴിഞ്ഞതിനാല്‍ യോഗം പരിഗണിച്ചതുമില്ല. എംഎസ്എഫ് പ്രമേയം മാത്രമാണ് സെനറ്റ് അംഗീകരിച്ചത്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യുജിസി നിര്‍ദ്ദേശവും സുപ്രീം കോടതി വിധിയും നിലവിലിരിക്കെയാണ് പ്രമേയം അംഗീകരിച്ചിരിക്കുന്നത്. പരാതിക്കാരുടെ പേരു വച്ചുള്ള പ്രമേയം തന്നെ പരിഗണിക്കുക പോലും ചെയ്യരുത്. ഇത് നഗ്‌നമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് സമാധാനമായി പഠിക്കാനോ വഴിനടക്കാന്‍ പോലുമോ കഴിയുന്നില്ലെന്ന് നാളുകളായുള്ള പരാതിയാണ്. ഈ വിഷയത്തില്‍ ഇന്ന് പൊലീസ് യൂണിവേഴ്‌സിറ്റി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ സെനറ്റിന്റെ നടപടി. വിദ്യാര്‍ഥികള്‍ക്കെതിരെതന്നെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് രംഗത്ത് വന്നതാണ് ഏറെ ഗൗരവതരം.

© 2024 Live Kerala News. All Rights Reserved.