പാറ്റൂര്‍ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടുണ്ട്; സര്‍ക്കാറിന് വീഴ്ച്ചപറ്റി; വീണ്ടും തുറന്നടിച്ച് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സര്‍ക്കാറിന് ഇതില്‍ വീഴ്ച്ചവന്നതായും ഡിജിപി ജേക്കബ് തോമസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖം, മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ ചര്‍ച്ച എന്നീ വേദികളിലാണ് ജേക്കബ് തോമസ് വീണ്ടും സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. കാരണം കാണിക്കല്‍ ഭീഷണി, ഉദ്യോഗസ്ഥരുടെ ചട്ടക്കൂട് തുടങ്ങിയ സര്‍ക്കാര്‍ ഉയര്‍ത്തുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്ക് കീഴ്‌പ്പെടാതെയാണ് ജേക്കബ് തോമസ് ഇപ്പോള്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ ഈ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ജേക്കബ് തോമസ് സര്‍ക്കാരിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അനുവാദത്തോടെയാണോ ഇപ്പോള്‍ അഭിമുഖം നല്‍കിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. വിവാദങ്ങള്‍ കത്തിനിന്ന സമയത്ത് തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിയടക്കം ആരുമായും തനിക്ക് ശത്രുതയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബാര്‍ കോഴ അന്വേഷണത്തില്‍ തനിക്കും പങ്കുണ്ടായിരുന്നു. ബാര്‍ കോഴയില്‍ അഴമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്കറിയാം. ബാര്‍കോഴ കേസിലെ കോടതി ഉത്തരവ് ശരിയാണെന്ന് പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അഗ്‌നിശമന സേന മേധാവി ആയപ്പോള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു. പാറ്റൂര്‍ ഭൂമിയടപാട്, ബാര്‍ക്കോഴ കേസ് എന്നിവയില്‍ പരസ്യ പ്രതികരണം നടത്തിയതിന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ജേക്കബ് തോമസിനെതിരെ രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങിയിരുന്നു. ഇതിനെതിരെ അദ്ദേഹം നിയമ നടപടിക്കൊരുങ്ങുകയും മുഖ്യമന്ത്രിക്കെതിരെ മേല്‍ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക കത്തു നല്‍കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെ നിരവധി തവണ ജേക്കബ് തോമസ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.