വിധവയായതിന്റെ പേരില്‍ നിര്‍ധനയുവതിയെ സ്കൂള്‍ ഉച്ചഭക്ഷണംപാകം ചെയ്യുന്നതില്‍ നിന്ന് വിലക്കി; ജില്ലാ കളക്ടര്‍ രക്ഷയ്‌ക്കെത്തി; യുവതി വീണ്ടും ജോലിയില്‍ കയറി

പട്‌ന : ഇന്ത്യയിലാണോ ഇതൊക്കെ നടക്കുന്നതെന്ന് സംശയിക്കാം. പക്ഷേ നിതീഷ്‌കുമാര്‍ ഭരിക്കുന്ന ബീഹാറിലാണീ സംഭവം. വിധവയായതിന്റെ പേരില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന് നാട്ടുകാര്‍ വിലക്കിയ സ്ത്രീക്ക് പിന്തുണയുമായി ജില്ലാ കളക്ടറെത്തി. ബീഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിനി സുനിത കൗറിനെയാണ് വിധവയായതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതില്‍ നിന്ന് നാട്ടുകാര്‍ വിലക്കിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുനിത ജില്ലാ അധികാരികളെ സമീപിച്ചു. ഇതറിഞ്ഞ നാട്ടുകാര്‍ രോഷാകുലരാകുകയും സ്‌കൂളിലേക്ക് പാഞ്ഞെത്തി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പുറത്താക്കി സ്‌കൂള്‍പൂട്ടിയിടുകയുമായിരുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിധവയെ ഏല്‍പ്പിച്ച സ്‌കൂള്‍ അധികാരികള്‍ക്ക് അസഭ്യംചൊരിഞ്ഞ നാട്ടുകാര്‍ സുനിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുനിത പരാതിയുമായി ജില്ലാ കളക്ടര്‍ രാഹുല്‍ കുമാറിനെ സമീപിച്ചു. ജില്ലാ വിദ്യാഭ്യാസവകുപ്പ് ഓഫീസറുമായി സ്‌കൂള്‍ സന്ദര്‍ശിച്ച കളക്ടര്‍ നാട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. വിധവകള്‍ അപശകുനമല്ലെന്നും അവരും സാധാരണ മനുഷ്യര്‍ തന്നെയാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തിയ കളക്ടര്‍ സുനിത തയ്യാറാക്കിയ ഉച്ചഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂള്‍ വരാന്തയിലിരുന്ന് കഴിക്കാനും തയ്യാറായി. കല്യാണ്‍പൂരിലെ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ജീവനക്കാരിയാണ് സുനിത. സുനിതക്കു പുറമേ അഞ്ചുപേര്‍ കൂടി ഇവിടെ കുട്ടികള്‍ക്ക ഭക്ഷണം പാകം ചെയ്യുന്നുണ്ട്. മാസം ആയിരം രൂപയാണ് ഇവരുടെ ശമ്പളം.രണ്ടുകുട്ടികളുള്ള സുനിതയുടെ ഏക ജീവിതമാര്‍ഗമാണ് സ്‌കൂളിലെ പാചകജോലി. ജാതീയ വ്യവസ്ഥകള്‍ ശക്തമായി നിലകൊള്ളുന്ന ബീഹാറില്‍ ഇതിലപ്പുറം നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

© 2024 Live Kerala News. All Rights Reserved.