കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ കേസെടുത്തു; തെറിവിളിയും അതിക്രമങ്ങളും അതിര് വിട്ടപ്പോഴാണ് യൂണിവേഴ്‌സിറ്റി അധികതര്‍ പൊലീസില്‍ പരാതി നല്‍കിയത്

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളിലും അശ്ലീലതചേര്‍ത്ത പ്രയോഗങ്ങളും വ്യാപകമാണ്. സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസിലും ഹോസ്റ്റലിലും പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തി ശല്യം ചെയ്യുന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയിട്ട് ഏറെ നാളായി. പെണ്‍കുട്ടികള്‍ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന്മേല്‍ മേല്‍നടപടികളൊന്നും സ്വീകരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ക്യാമ്പസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കുകയും ക്യാമ്പസിനുള്ളില്‍ ആകാശംമുട്ടുവോളം പരാതി എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്. നിരവധി തവണ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കുകയോ കാര്യം അന്വേഷിക്കുകയോ ചെയ്യാതിരുന്ന പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് സര്‍വകലാശാല അധികൃതരുടെ പരാതിയെ തുടര്‍ന്നാണ്. പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും അതിക്രമം നടത്തുകയും ചെയ്‌തെന്ന് ആരോപണമുള്ള എട്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ഇപ്പോള്‍ തേഞ്ഞിപ്പാലം പൊലീസ് കേസ് എടുത്തിരിക്കുന്നത്. കായിക വിഭാഗത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയിരുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.

© 2024 Live Kerala News. All Rights Reserved.