മുംബൈ: ഹിറ്റ് ആന്റ് റണ്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സല്‍മാന്‍ ഖാന് വിദേശത്തേക്ക് പോകാന്‍ മുംബൈ ഹൈക്കോടതി അനുമതി നല്‍കി. ദുബായില്‍ ഈ മാസം ഇരുപത്തിയൊമ്പതാം തീയതി നടക്കുന്ന ഒരു ഷോയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സല്‍മാനെ ഉപാധികളോടെ വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയത്. മെയ് 30തിനുള്ളില്‍ തിരിച്ചത്തണമെന്നാണ് നിര്‍ദ്ദേശം. തിരിച്ചെത്തി 12 മണിക്കൂറിനുള്ളില്‍ പാസ്‍പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2002ലെ ഹിറ്റ് ആന്റ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ഈമാസം ആറിന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി വിധി സസ്‍പെന്റ് ചെയ്‍ത് സല്‍മാന് ജാമ്യം അനുവദിച്ച ഹൈക്കോടതി സല്‍മാന്‍ ഖാന്‍ വിദേശയാത്രകള്‍ കോടതി അനുമതിയോട് കൂടെ മാത്രമേ നടത്താവൂ എന്ന് ഉത്തരവിട്ടിരുന്നു.