ഒരുവര്‍ഷത്തിനകം താലിബാന്‍ വിവരം അറിയും; സ്‌കൂള്‍ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കും

പെഷവാര്‍: ശക്തമായ തിരിച്ചടി നേരിടാന്‍ ഒരുങ്ങിക്കോളാന്‍ താലിബാന്‍ ഭീകസംഘടനയോട് പാകിസ്ഥാന്റെ മുന്നറിയിപ്പ്. സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കവേ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫാണ് ഇക്കാര്യം പറഞ്ഞത്. സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 151 പേര്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മപുതുക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളുമടക്കം ഒന്നുചേര്‍ന്ന ചടങ്ങിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കുട്ടികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബന്ധുജനങ്ങള്‍ പങ്കുവെച്ചത് ചടങ്ങില്‍ പങ്കെടുത്തവരെ കണ്ണീരിലാഴ്ത്തി. എന്നാല്‍ തങ്ങള്‍ക്ക് നഷ്മായയൊന്നും തിരികെ കിട്ടില്ലെന്നും സംഭവത്തില്‍ ഉണ്ടായ സുരക്ഷാവീഴ്്ച്ചയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചില മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ധാരാളം ആളുകള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ചടങ്ങില്‍ സൈനിക മേധാവി റഹീല്‍ ഷെരിഫ് , പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ എന്നിവര്‍ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളും സെലിബ്രിറ്റികളുമടക്കം 2,500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. താലിബാനെ തകര്‍ക്കണമെന്നുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പാകിസ്ഥാനില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നുണ്ട്.