ബീഫിനെതിരെ പ്രസംഗിക്കുമ്പോഴും ബിജെപിക്കാര്‍ സംഭാവന വാങ്ങി; ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് രണ്ടരകോടി രൂപ ബിജെപി സംഭാവന വാങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബീഫിനെതിരെ ഘോരം ഘോരം പ്രസംഗിക്കുമ്പോഴും പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്നും ബിജെപിക്കാര്‍ വാങ്ങിച്ചത് രണ്ടരക്കോടി രൂപ. സംഭാവനയായാണ് ബിജെപിക്കാര്‍ ഇത്രയും തുക വാങ്ങിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2013 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 2014ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അല്ലാനസണ്‍സിന്റെ ഉപകമ്പനികളായ ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന ലിമിറ്റഡ്, ഇന്‍ഡാര്‍ഗോ ഫുഡ്‌സ് ലിമിറ്റഡ്, എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നു നല്‍കിയത് രണ്ടുകോടി രൂപയാണ്. കൂടാതെ ഫ്രിഗോറിഫിക്കോ അല്ലാന 2014-2015 കാലയളവില്‍ വീണ്ടും 50 ലക്ഷം രൂപ കൂടീ നല്‍കിയിട്ടുണ്ട്. വിജയ ബാങ്ക് മുഖേനയാണ് ഈ ഇടപാടുകളെല്ലാം നടന്നത്. ലോകത്തിലെ ബീഫ് കയറ്റുമതിക്കാരില്‍ പ്രധാനിയായ അല്ലാനസണ്‍സിനാണ് ഇന്ത്യയിലെ ഹലാല്‍ ബീഫ് കുത്തക. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോഡിയാണ് ബീഫ് വിഷയം സജീവ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.