ആര്‍ ശങ്കറിനെ അവര്‍ ആര്‍എസ്എസ് ആക്കി; ജന്മഭൂമി ലേഖനം വിവാദമായി; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കറിന്റെ മക്കള്‍

കൊല്ലം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കിയുള്ള ജന്മഭൂമി പത്രത്തിലെ ലേഖനം പ്രതിഷേധാര്‍ഹമെന്ന് ശങ്കറിന്റെ മക്കള്‍. പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദേഹത്തിന്റെ മക്കളായ മോഹന്‍ശങ്കറും എസ്.ശശികുമാരിയും വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും, സമുദായ നേതാവും കോണ്‍ഗ്രസുകാരനുമായ തന്റെ അച്ഛനെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന രീതിയില്‍ ജന്മഭൂമിയില്‍ വന്ന ലേഖനം കുടുംബത്തെ വേദനിപ്പിച്ചതായും മകന്‍ മോഹന്‍ ശങ്കര്‍ വ്യക്തമാക്കി.പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ട് വിലക്കിയ നടപടി വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗമായ മോഹന്‍ ശങ്കര്‍ എസ്എന്‍ഡിപി യോഗം കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റും, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗവും, ശങ്കര്‍ പ്രതിമാ സ്ഥാപന കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയാണ്. അച്ഛന്‍ മരിച്ച് 42 വര്‍ഷത്തിനുശേഷം ഇത്തരത്തിലൊരു വിവാദമുണ്ടാ ക്കിയത് മോശമായിപ്പോയെന്നും ആരുടെയൊക്കെയോ ലക്ഷ്യത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്നും ഇതിനു പിന്നില്‍ കറുത്ത കൈകളുണ്ടെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.

കെപിസിസി നിര്‍വാഹക സമിതി അംഗമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന കെപിസിസിയുടെ വിലക്കുണ്ടെന്നും, തങ്ങള്‍ക്കുളള അതൃപ്തികള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ധരിപ്പിച്ചതായും മോഹന്‍ശങ്കര്‍ വ്യക്തമാക്കി. വളരെയേറെ ആത്മാര്‍ത്ഥമായി പ്രവൃത്തിച്ചിട്ടും സ്വന്തം സമുദായത്തില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും ധാരാളം മാനസിക പീഡനമേറ്റിരുന്നയാളാണ് അച്ഛനെന്ന് വാക്കുകളില്‍ നിന്നും മനസിലാക്കിയിട്ടുണ്ടെന്നും മോഹന്‍ ശങ്കര്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ എസ്എന്‍ഡിപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.