കാന്തപുരം വിഭാഗത്തിന്റെ തിരുകേശപ്രദര്‍ശം മര്‍ക്കസില്‍ തുടങ്ങി; ഇസ്ലാമികമോ അനിസ്ലാമികമോ?

കോഴിക്കോട്: എതിര്‍വിഭാഗത്തിന്റെ ആക്ഷേപങ്ങളെ അവഗണിച്ച് പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടിയുമായി കാന്തപുരം എപി വിഭാഗം പ്രദര്‍ശനം വീണ്ടും
തുടങ്ങി. എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കാരന്തൂര്‍ മര്‍ക്കസിലാണ് പ്രദര്‍ശനം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് പ്രവാചകന്റെ മുടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാന്തപുരവും കൂട്ടരും വിശ്വാസികളെ കബളിപ്പിക്കുന്നതെന്ന വാദവുമായി സുന്നി ഇകെ ഉള്‍പ്പെടെയുള്ളെ വിഭാഗങ്ങള്‍ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. സുന്നി ഇകെ വിഭാഗത്തെ കൂടാതെ ജമാഅത്തെ ഇസ്ലാമി, മുജാഹിദിന്‍ വിഭാഗങ്ങളെല്ലാം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇസ്ലാമികവിഷയത്തില്‍ ആധികാരികമായി ഇടപെടുന്ന ഒ അബ്ദുല്ല തിരുകേശ വിവാദത്തെക്കുറിച്ച് മുമ്പ് തേജസ് പത്രത്തില്‍ ലേഖനമെഴുതിയതിനെതിരെ എപി വിഭാഗം രംഗത്ത് വന്നിരുന്നു. എല്ലാ വര്‍ഷവും റബീഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ചയാണ് മര്‍ക്കസില്‍ തിരുകേശദര്‍ശനം നടക്കുന്നത്.

thirukesham-2

ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം ഇങ്ങനെ…..
ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്.
അതിനാല്‍ ‘മുടിപ്പള്ളി’യുടെ പ്രമോട്ടറായ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശത്തില്‍ തിരുകോശം ഉണ്ടായാലും ഇല്ലെങ്കിലും ഗൗരവമായ പരിശോധനയും വിശകലനവും അര്‍ഹിക്കുന്ന ഗുരുതരമായ ചില മത സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിനകം വിവാദമായിത്തീര്‍ന്ന നിര്‍ദിഷ്ട പള്ളിനിര്‍മാണം ഉയര്‍ത്തുന്നുണ്ട്. കാന്തപുരം വിരുദ്ധരായ സമസ്ത നേതാക്കളും പണ്ഡിതന്മാരും ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖസ്‌റജി സ്‌പോണ്‍സര്‍ ചെയ്ത മുടി പ്രവാചകന്റേത് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കാന്തപുരത്തിനും തല്‍പരകക്ഷികള്‍ക്കും സാധിച്ചാല്‍ പോലും മുടിയുടെ പേരിലുള്ള പള്ളിനിര്‍മാണത്തെ ലാഘവത്തോടെ അനുവദിച്ചുകൊടുക്കാന്‍ കഴിയാത്തവിധമുള്ള സാമൂഹിക രാഷ്ട്രീയ മത പ്രശ്‌നങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്.
അതിലേറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി പള്ളി എന്നത് ഇസ്ലാമില്‍ പള്ളിനിര്‍മാണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നതാണ്. യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ഠകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമായിരിക്കണം പള്ളിനിര്‍മാണത്തിന്റെ ഒരേയൊരു ലക്ഷ്യം. ഭക്തിയുടെ പേരില്‍ പടുത്തയര്‍ത്തപ്പെട്ട പള്ളി എന്ന ഖുര്‍ആനിക പ്രസ്താവന പള്ളിനിര്‍മാണത്തിന്റെ ഈയൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാലം വരെ ലോകത്ത് എല്ലായിടത്തും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് പള്ളി നിര്‍മിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍, പ്രവാചകന്റെ മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് ലക്ഷ്യം വെക്കുന്നത് നമസ്‌കാരം ആഗ്രഹിക്കുന്ന ഭക്തജനങ്ങളെയല്ല. മറിച്ച്, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ തിരുകേശം ദര്‍ശിക്കാനും കേശമിട്ട വെള്ളം പാനം ചെയ്ത് ആഗ്രഹ സഫലീകരണം നേടാനും കൊതിക്കുന്ന തീര്‍ഥാടകരായ ഭക്തജനങ്ങളെയാണ്. ഈ ഭക്തി പ്രകടനം വളരെ പെട്ടെന്നുതന്നെ തിരുകേശ പൂജയിലേക്ക് വഴിമാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കേശവാഹകര്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തെളിവുകളും ധാരാളം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു വെളിയിലും ജീര്‍ണമായി കിടക്കുന്ന പല മഖ്ബറകളും കണ്ടെത്തി പുനരുദ്ധരിക്കുകയും അവിടം ഭക്തിവ്യവസായ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ വാണിഭക്കാരാണ് ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രായോജകര്‍ എന്നത് തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ മതിയായ തെളിവാണ്.

© 2024 Live Kerala News. All Rights Reserved.