മതത്തിന് മദമിളകിയാല്‍ ചങ്ങലയ്ക്കിടാനാകുമോ? ഒരു കുടുംബത്തിന് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ച് ക്രിസ്ത്യന്‍ മതമൗലീകവാദികള്‍ ; ഇതിനെയും അസഹിഷ്ണുതയെന്ന് വിളിക്കാം

സ്വന്തംലേഖകന്‍

തൃശ്ശൂര്‍: അസഹിഷ്ണുതയുടെ കാര്യത്തില്‍ എല്ലാമതങ്ങള്‍ക്കും ഒരേ സ്വഭാവം തന്നെയെന്ന് ഈ സംഭവവും വ്യക്തമാക്കുന്നു. രാത്രിയിലെ അസാധാരണമായ വെടിക്കെട്ടിനെ ചോദ്യം ചെയ്ത് കേസുമായി നീങ്ങിയ കുടുംബത്തിന് നേരെയാണ് മതത്തിന്റെ ഇരുതലയുള്ള വാളുമായി ഇടവകക്കാര്‍ തെരുവിലറങ്ങിയത്.
ഈ കുടുംബത്തെത്തന്നെ ഇടവകയിലെ കുഞ്ഞാടുകള്‍ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ഒല്ലൂരിലാണ് സംസ്‌കാരത്തെതന്നെ മതം ബലാത്സംഘം ചെയ്യുന്ന സംഭവം. സെന്റ് ആന്റണീസ് ഫെറോന ചര്‍ച്ചിലെ നിരന്തരമായുള്ള വെടിക്കെട്ടിനെ ചോദ്യം ചെയ്‌തെങ്കിലും കേസ് കൊടുക്കെന്ന് ഇടവകക്കാര്‍ ഭീഷണി മുഴക്കിയപ്പോഴാണ് തെക്കിനിയത്ത് റാഫേല്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് കോടതി റാഫേലിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതാണ് ഇടവകക്കാരെ പ്രകോപിപ്പിച്ചത്. റാഫേലിന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് 25 മീറ്റര്‍ ദൂരമാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം. കതിനയുടെ കാതടിപ്പിക്കുന്ന ശബ്ദം റാഫേലിനും കുടുംബത്തിന്റെ ഉറക്കം കെടുത്തിയിട്ട് കാലങ്ങളായി. ഇത് പലതവണ ചര്‍ച്ച് കമ്മിറ്റിക്കാരോട് പറഞ്ഞെങ്കിലും
ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ് കേസുമായി മുന്നോട്ട്‌പോകാന്‍ റാഫേല്‍ തീരുമാനിച്ചത്.രാത്രി പത്തിനും രാവിലെ ആറിനും ഇടയിലെ വെടിക്കെട്ട് നിരോധിച്ചുകൊണ്ട് 2005ലെ സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് റാഫേല്‍ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചത്. ഇത് തുടര്‍ന്നുവരുന്നതിനിടെയാണ് ഇടവകക്കാര്‍ റാഫേലിന്റെ കുടുംബത്തിലെ വിവാഹംപോലും മുടക്കാന്‍ പ്ലാക്കാര്‍ഡുകളുമായി തെരുവിലറങ്ങിയത്. ഇത് സംബന്ധിച്ചുള്ള ഇടവകക്കാരുടെ പ്രകടനത്തിന്റെ ചിത്രസഹിതം സംവിധായകന്‍ ആഷിക് ഉള്‍പ്പെടെയുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ആഷിക് അബുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. റാഫേലിനും കുടുംബത്തിനും പിന്തുണയുമായി സോഷ്യല്‍മീഡിയയില്‍ വലിയ കൂട്ടായ്മ രൂപപ്പെട്ടുകഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.