ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്എന്‍ഡിപി; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്; സംഘാടകരാണ് ചടങ്ങിലേക്ക് അതിഥികളെ തീരുമാനിച്ചതെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത് എസ്എന്‍ഡിപി യോഗം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയുള്ളു. കൊല്ലത്തേത് ഒരു ഇത് ഒരു സ്വകാര്യ ചടങ്ങാണ്. ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത് സംഘാടകരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും പാര്‍ലമെന്റില്‍ വ്യക്തമാക്കി.

images

ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എന്‍ഡിപി എന്ന സംഘടനയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ആര് പങ്കെടുക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നൊഴിവാക്കിയ സംഭവം ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കി. ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും വേണമെങ്കില്‍ ശൂന്യവേളയില്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു. രാജ്യസഭയിലും ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് ഇരു സഭകളും നിര്‍ത്തിവെച്ചു.
പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ശൂന്യവേളയിലാണ് കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ച് സംസാരിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ പരിപാടി പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം അംഗീകരിച്ചിരുന്നുവെന്നും അവസാന നിമിഷമാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം വന്നത്.

© 2024 Live Kerala News. All Rights Reserved.