നിയമസഭയില്‍ വീണ്ടും സോളാര്‍ കത്തിജ്വലിച്ചു; പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി; സഭ പിരിഞ്ഞു

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭയില്‍ സോളാര്‍ വിവാദം. ബാര്‍ക്കോഴ വിവാദത്തിന് ശേഷമാണിപ്പോള്‍ വീണ്ടും സഭയെ പ്രക്ഷുബ്ധമാക്കിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ സോളാര്‍ സമരം. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാമ് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യത്തോരവേള ആരംഭിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയപ്പോഴായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ‘മുഖ്യമന്ത്രി രാജിവെക്കുക’ എന്നാവശ്യപ്പെടുന്ന പഌാര്‍ഡുകളും ബാനറുകളുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സോളാര്‍ കമ്മീഷനെ ആഭ്യന്തര മന്ത്രി പരസ്യമായി ശാസിച്ചുവെന്നും മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് ഇടത് അംഗം സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ബിജു രാധാകൃഷ്ണന്റെ സിഡി കണ്ടെടുക്കാനുള്ള നീക്കം പൊലീസിനെ ഉപയോഗിച്ച് പരാജയപ്പെടുത്തിയെന്നും സുരേഷ് കുറുപ്പ് ആരോപിച്ചു. എന്നാല്‍ ഈ സമ്മേളന കാലയളവില്‍ തന്നെ നിരവധി തവണ വിഷയം ചര്‍ച്ച ചെയ്തതാണെന്നും ഇനി അടിയന്തര പ്രമേയത്തിന് അവതരാണുനുമതി നല്‍കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. വേണമെങ്കില്‍ ആദ്യ സബ്മിഷനായി അംഗീകരിക്കാമെന്ന സ്പീക്കറുടെ നിര്‍ദേശം പ്രതിപക്ഷം തള്ളി. ഇതേത്തുടര്‍ന്ന് ബഹളവുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സബ്മിഷനും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. അങ്ങനെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

© 2024 Live Kerala News. All Rights Reserved.