മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ച് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ജീപ്പിടിച്ച് സിഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ ജീപ്പോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. യുവാവ് ഓടിച്ചിരുന്ന ജീപ്പിടിച്ച് വാഹനപരിശോധനയിലായിരുന്ന തിരുവല്ല സി.ഐ വി.രാജീവിന് ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സി.ഐ അബോധാവസ്ഥയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ജീപ്പ് തട്ടി വഴിയാത്രക്കാരായ മറ്റ് മൂന്നു പേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. തിരുവല്ല എം.സി റോഡില്‍ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു സി.ഐയും സംഘവും. ഇതിനിടെ അമിതവേഗത്തില്‍ കടന്നു പോയ ജീപ്പാണ് സി.ഐയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം പിന്നീട് തിരുവല്ല മാഞ്ഞാടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജീപ്പോടിച്ച മഞ്ഞാടി സ്വദേശി ജാക്കി സാം വര്‍ക്കി (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ സംസാരിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.