ഉമ്മന്‍ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി ഗുരുവിനെ അവഹേളിക്കുന്നു; പിണറായി വിജയന്റെ പ്രതികരണം ഫെയ്‌സ്ബുക്കിലൂടെ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വിമര്‍ശനം. ഇത്തരം ഹീനമായ കളികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരും പാരമ്പര്യവും ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയുടെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയര്‍ മുന്നില്‍ നില്‍ക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ യഥാവിധി നിയമ നടപടി എടുക്കാതെ ഒളിച്ചുകളിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചതെന്നും പിണറായി വ്യക്തമാക്കുന്നു. വര്‍ഗീയതയ്ക്കും അതിന്റെ കുടിലതകള്‍ക്കും വിനീതവിധേയമായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്നത്.ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിനായി കേരളത്തിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചടങ്ങിന് തന്നെ ക്ഷണിച്ച മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജനങ്ങള്‍ക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തില്‍ എത്തുന്ന മോദി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജനങ്ങള്‍ക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നതെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റിലെ തന്റെ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. പിണറായിയുടെ പോസ്റ്റിന് ഒരു മണിക്കൂറിനകം 1420 ലൈക്കുകളും 249 ഷെയറും 125 കമ്മന്റുകളുമാണ് ലഭിച്ചത്.

post

© 2024 Live Kerala News. All Rights Reserved.